ശാസ്താംകോട്ട തടാകത്തിലും ദുരന്തം പതിയിരിക്കുന്ന ബോട്ട് സർവ്വീസ്

ശാസ്താംകോട്ട:ശാസ്താംകോട്ട ശുദ്ധജല തടാകത്തിലും ദുരന്തം പതിയിരിക്കുന്ന ബോട്ട് സർവ്വീസ് ഭീതി പരത്തുന്നു.മലപ്പുറം താനൂരിലെ ബോട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് ശാസ്താംകോട്ടതടാകത്തിലെ ബോട്ടിംഗിനെ കുറിച്ച് പരാതി ഉയരുന്നത്.ശാസ്താംകോട്ട തടാകത്തിൽ നിലവിൽ 3 ഉല്ലാസ ബോട്ടുകൾക്കാണ് സർവ്വീസ് നടത്താൻ അനുമതിയുള്ളത്.കൊല്ലത്ത്
കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ഇതിന് വേണ്ടിയുള്ള പ്രത്യേക ഓഫീസിൽ നിന്ന് ലഭിക്കുന്ന അനുമതിയുടെ അടിസ്ഥാനത്തിലാണ്
ബോട്ടുകൾ സർവ്വീസ് നടത്തുന്നത്.ബോട്ടിൽ ഏഴു പേരെ മാത്രം കയറ്റുന്നതിനുള്ള അനുമതിയേ
ഉള്ളുവെങ്കിലും പലപ്പോഴും ഇരട്ടിയിലധികം സഞ്ചാരികളെ കയറ്റാറുണ്ടന്നാണ് പ്രധാന പരാതി. ബോട്ടിന് രൂപമാറ്റം വരുത്തരുതെന്ന് നിബന്ധന ഉണ്ടങ്കിലും ഉടമകൾ തന്നെ മേൽക്കൂര ഉൾപ്പെടെയുള്ളവ താത്ക്കാലികമായി നിർമ്മിച്ചിട്ടുണ്ട്.ഇത്തരം
മേൽക്കൂരകൾ കായലിന്റെ മധ്യ ഭാഗത്ത് വച്ച് ശക്തമായ കാറ്റോ മറ്റോ ഉണ്ടായാൽ ദോഷകരമായി ബാധിേച്ചക്കാം.ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളോ മറ്റ് സുരക്ഷാ മുൻകരുതലുകളോ ബോട്ടുകളിൽ ഇല്ലന്നും ആക്ഷേപം ഉണ്ട്.നിരവധി പേരാണ് ശാസ്താംകോട്ട തടാകത്തിൽ ഇപ്പോൾ ഉല്ലാസ ബോട്ടിംഗിനായി എത്തുന്നത്.വിവാഹ
പാർട്ടികളും കൂടുതലായും എത്തുന്നു.ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെയാണ് കായലിന് നടുവിൽ വധു വരന്മാർ ഉൾപ്പെടെയുള്ളവർ ഫോട്ടോ ഷൂട്ടും മറ്റും നടത്തുന്നത്.പോലീസ് സ്റ്റേഷനും കോടതിയും താലൂക്ക് ഓഫീസും എല്ലാം കയ്യെത്തും ദൂരത്താണ് പ്രവർത്തിക്കുന്നത്.എന്നിട്ടും പേരിനു പോലുമില്ല പരിശോധന.മറ്റ് തടാകങ്ങളെയും ജലാശയങ്ങളേയും അപേക്ഷിച്ച് വലിയ ആഴവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഏറെ ഉള്ളതാണ് ശാസ്താംകോട്ട തടാകം.ഈ സാഹചര്യത്തിലാണ് ആവശ്യമായ സുരക്ഷാ മുൻകരുതലുകളും മറ്റും ഇല്ലാതെ തടാകത്തിൽ ബോട്ടിംഗ് നടത്തുന്നതിനെതിരെ പരാതി ഉയർന്നിട്ടുള്ളത്.1982 ജനുവരി 16ന് കടത്ത് വള്ളം മറിഞ്ഞ് 24 ജീവനുകളാണ് ശാസ്താംകോട്ട
കായലിന്റെ ആഴങ്ങളിൽ പൊലിഞ്ഞത്. ദുരന്തത്തിന്റെ ഓർമകളും ഭീതിയും ഇനിയും മാറിയിട്ടില്ല.ഈ സാഹചര്യത്തിൽ ഉല്ലാസ ബോട്ടുകളുടെ കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ചിലരുടെ ഉപജീവനമെന്നതിലുപരി ശാസ്താംകോട്ടതടാകം കാണാനെത്തുന്നവര്‍ക്ക് ദശാബ്ദങ്ങളായി ഇതുമാത്രമാണ് മാര്‍ഗം. ഇത് പൂട്ടിക്കെട്ടിയാല്‍ ആകെയുള്ള വിനോദോപാധി കൂടി ഇല്ലാതാകുമെന്ന പ്രശ്നവും ഉണ്ട്.ഷിക്കാരവള്ളത്തില്‍ ലൈഫ് ജായ്ക്കറ്റില്ല എന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാല്‍ തടാകത്തിന്‍റെ ഏറ്റവും ആഴമേറിയ ഭാഗത്തുകൂടിയുള്ള സര്‍ക്കാര്‍ കടത്തിനും ലൈഫ് ജായ്ക്കറ്റോ ലൈഫ് ബോയോ ഉപയോഗിക്കുന്നില്ലല്ലോ എന്ന മറു ചോദ്യവും വരാം.

Advertisement