വീണ്ടും ക്രമക്കേടോ,ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണകൊടിമരം ഇലക്ട്രോ പ്ലേറ്റ് ചെയ്യാൻ ദേവസ്വം ബോർഡ് ഉത്തരവ്

ശാസ്താംകോട്ട:ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം നിർമ്മിച്ച് മാസങ്ങൾക്ക് ശേഷം ക്ലാവു പിടിച്ചതിനെത്തുടർന്ന് ദേവസ്വം സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന പറകളിൽ ഇലക്ട്രോ പ്ലേറ്റ് ചെയ്യാൻ ദേവസ്വം ബോർഡ് തീരുമാനമായി.

2013ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശാസ്താംകോട്ട ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പണിത സ്വർണ്ണ കൊടിമരം ക്ലാവു പിടിച്ച് നിറം മങ്ങിയതിനെ തുടർന്ന് ശാസ്താംകോട്ട സ്വദേശി മണികണ്ഠൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.തുടർന്ന് കോടതി നിർദേശപ്രകാരം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തുകയും അഴിമതി നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.

കൊടിമര നിർമ്മാണവുമായി ബന്ധപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ,ദേവസ്വം തിരുവഭരണ കമ്മീഷണർ,കൊടിമരം നിർമ്മിച്ച കോൺട്രാക്ടർ ഉൾപ്പെടെയുള്ളവർ ചേർന്നാണ് അഴിമതി നടത്തിയത് എന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തിയത്.സ്വർണം പറകൾ കൊടിമരത്തിൽ നിന്ന് നീക്കം ചെയ്യുകയും തുടർന്ന് തടി ക്ഷേത്രത്തിൽ തന്നെ നിൽക്കുകയും ആയിരുന്നു.തുടർന്ന്

വി.എസ്.എസ്.സി,കാക്കനാട് ലീഗൽ മെട്രോളജി എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധര്‍ പരിശോധന നടത്തുകയും കേസ് സംസ്ഥാന വിജിലൻസിന് കൈമാറുകയും ചെയ്തിരുന്നു.എന്നാൽ അന്വേഷണം അട്ടിമറിച്ച് വിജിലൻസ് റിപ്പോർട്ട് കൈമാറി.കൊടിമരത്തിന്റെ പറകൾ ഇളക്കി പരിശോധിച്ചതിനുശേഷം ഇവ ഹരിപ്പാട് ദേവസ്വം സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയായിരുന്നു.തുടർന്ന് ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വീണ്ടും സ്വർണ്ണക്കൊടിമരം പണിയാൻ തീരുമാനിക്കുകയും അതിനുവേണ്ടിയുള്ള തേക്കിൻ തടി എണ്ണത്തോണിയിൽ സൂക്ഷിച്ചിരിക്കുകയുമാണ്.സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ച പറകൾ വീണ്ടും പരിശോധിച്ച് ഈ പറകളിൽ സ്വർണ്ണം കുറവായതിനാൽ ഉപയോഗിക്കാൻ കഴിയില്ലായെന്ന് കാട്ടി ദേവസ്വം തിരുവാഭരണ കമ്മീഷണർ ജി.ബൈജു ദേവസ്വം ബോർഡിന് റിപ്പോർട്ട് നൽകി.എന്നാൽ 600 മില്ലി സ്വർണം ഉപയോഗിച്ച് പറകൾ ഇലക്ട്രോ പ്ലേറ്റ് ചെയ്യാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുള്ളത്.പരമ്പരാഗത രീതിയിലുള്ള സ്വർണ കൊടിമര നിർമ്മാണത്തേക്കാൾ ഇലക്ട്രോ
പ്ലേറ്റിംഗ് ഉപയോഗിച്ചുള്ള നിർമ്മാണത്തിന് സ്വർണത്തിന്റെ ആവശ്യകത കുറവായതിനാലും 25 വർഷത്തെ വാറന്റി ലഭിക്കുമെന്നതിനാലുമാണ് ഇത്തരത്തിലുള്ള നിർമ്മാണത്തിന് അനുമതി
നൽകിയിരിക്കുന്നതെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്.

എന്നാൽ വലിയ അഴിമതിക്കാണ് വീണ്ടും കളമൊരുങ്ങുന്നതെന്നാണ് ഭക്തരുടെ ആശങ്ക.നേരത്തെ ഉപയോഗിച്ച പറകളുടെ ബാലൻസ് എട്ട് കിലോ സ്വർണ്ണം ദേവസ്വത്തിന്റെ ആറന്മുള സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിട്ടുണ്ട്.ഈ സ്വർണം ഉപയോഗിച്ച് സ്വർണ്ണക്കൊടിമരം നിർമ്മിക്കണമെന്നാണ് ഭക്ത ജനങ്ങളുടെ ആവശ്യം.എന്നാൽ കൊടിമരം ഗോൾഡ് പ്ലേറ്റ് ചെയ്യുന്ന വിവരം പുറത്ത് വിട്ടിരുന്നില്ല.രഹസ്യമായി ഹരിപ്പാട് സ്ട്രോങ്ങ് റൂമിൽ പ്ലേറ്റ് ചെയ്തു ശാസ്താംകോട്ടയിൽ എത്തിക്കാനായിരുന്നു തീരുമാനം.എന്നാൽ കേസിലെ വാദിയായ മണികണ്ഠൻ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ്
ഇലക്ട്രോ പ്ലേറ്റ് ചെയ്യാനുള്ള ഉത്തരവായ വിവരം അറിയുന്നത്.ഇതിൽ നിന്ന് ദേവസ്വം ബോർഡും ഉപദേശക സമിതിയും പിന്മാറാത്ത പക്ഷം വീണ്ടും ഹൈക്കോടതിയെ തന്നെ സമീപിക്കാനാണ് പരാതിക്കാരന്റെ തീരുമാനം.പുതിയ കൊടിമരം നിർമ്മിക്കാൻ ഭക്തജനങ്ങൾ സ്പോൺസർ ചെയ്താണ് തേക്കിൻ തടിയും എണ്ണതോണിയും അതിലേക്കുള്ള എണ്ണയും വാങ്ങി നൽകിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ല എന്നാണ് അറിയുന്നത്.ഇതിനു വേണ്ടിയും ദേവസ്വം പണസമാഹരണം നടത്തിയിരുന്നതായി പരാതിക്കാരൻ ആരോപിക്കുന്നു.അതിനിടെ
ബോർഡിന്റെ പുതിയ ഉത്തരവ് പുറത്തായതിനു ശേഷം ഭക്തജനങ്ങളും നാട്ടുകാരും ആശങ്കയിലാണ്.വീണ്ടും വലിയ അഴിമതി നടത്തുന്നതിൽ നിന്നും ദേവസ്വം അധികാരികളും ഉപദേശക സമിതിയും പിന്മാറി സ്വർണ്ണപ്പറകളിൽ തന്നെ ദേവന് കൊടിമരം നിർമ്മിച്ച് നൽകണമെന്നാണ് ആവശ്യം ഉയരുന്നത്.

Advertisement