548 ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കാൻ കർമപദ്ധതിയുമായി മൈനാഗപ്പള്ളി പഞ്ചായത്ത്

ശാസ്താംകോട്ട : നവകേരളം കർമ്മ പദ്ധതി പ്രകാരം ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ മൈനാഗപ്പള്ളി പഞ്ചായത്തിൽ 548 ഏക്കർ തരിശുനിലം കൃഷിയോഗ്യമാക്കുന്നു.ഇതിന്റെ ഭാഗമായി വിദഗ്ധസംഘം ഫീൽഡ്തല പരിശോധന നടത്തി.വെട്ടിക്കാട്ടു മാടൻ നട,ചാലായിൽ,മുണ്ടകപ്പാടം,
തോട്ടുമുഖം തുടങ്ങിയ ഏലാകളാണ് ആദ്യഘട്ടത്തിൽ കൃഷിയോഗ്യമാക്കുന്നത്.ജനുവരി ഒൻപതിന് നടക്കുന്ന ജലസംരക്ഷണ സാങ്കേതിക സമിതി യോഗത്തിൽ കലണ്ടർ നിശ്ചയിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കും.

മൈനർ ഇറിഗേഷന്റെ നേതൃത്വത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇൻവെസ്റ്റിഗേഷൻ സർവ്വേ നടത്തി ആവശ്യമായ പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റും തയ്യാറാക്കും.തുടർന്ന് വിശദമായ ഡി.പി.ആർ സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കും.തൊഴിലുറപ്പ് പദ്ധതി മുഖേനയും,തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ സാധിക്കാത്ത പ്രവർത്തികൾ കൃഷിവകുപ്പ്,മൈനർ ഇറിഗേഷൻ തുടങ്ങിയ വകുപ്പുകൾ മുഖേനയും നടപ്പിലാക്കും.ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ പരമാവധി ഉപയോഗപെടുത്തുവാനും കഴിയും.

നീരുറവ് പദ്ധതി പ്രകാരം ഏറ്റെടുക്കുവാൻ സാധിക്കുന്ന പ്രവർത്തികൾ അടുത്ത സാമ്പത്തിക വർഷം ലേബർ ബഡ്ജറ്റിൽ ഉൾപ്പെടുത്തും.ഒരുവർഷത്തിനകം തരിശ് കിടക്കുന്ന പരമാവധി ഏലകൾ കൃഷിയോഗിമാക്കുവാണ് ശ്രമിക്കുന്നത്.ഇതിന്റെ ഭാഗമായി മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌
പി.എം സെയ്ദിന്റെ അധ്യക്ഷതയിൽ
നവകേരളം,തൊഴിലുറപ്പ് പദ്ധതി,ഇറിഗേഷൻ,കൃഷി ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേർന്നു.അംഗങ്ങളായ അനന്ദു ഭാസി, ആർ.ബിജു കുമാർ,പാടശേഖര സമിതി അംഗങ്ങൾ,കർഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Advertisement