സർക്കാർ വിഭാവനം ചെയ്യുന്നത് ജന സൗഹൃദ ആരോഗ്യ സംവിധാനം: മന്ത്രി വീണാജോര്‍ജ്ജ്

കൊല്ലം.ജന സൗഹൃദ ആതുരലയങ്ങളോട് കൂടിയ ആരോഗ്യ സംവിധാനമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച അത്യാധുനിക സി. റ്റി സ്കാനിംഗ് മെഷീൻ നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5.21 കോടി രൂപ ചെലവിലാണ് സിറ്റി സ്കാനിംഗ് മെഷീൻ സ്ഥാപിച്ചിട്ടുള്ളത്. പൾമനറി ആൻജിയോഗ്രാഫി, കൊറോണറി ആൻജിയോഗ്രാഫി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇനിമുതൽ ജില്ലാ ആശുപത്രിയിൽ ലഭ്യമാകും. ജില്ലാ ആശുപത്രിയിലെ കാർഡിയോളജി, ഒഫ്താൽ മോളജി ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിചരണ സംവിധാനമാണ് സംസ്ഥാനത്തിലേത്. സംസ്ഥാനത്തെ 30 വയസ്സ് കഴിഞ്ഞവരിൽ ജീവിതശൈലി രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് പഞ്ചായത്ത് തല സർവ്വേ ആരംഭിച്ചിട്ടുണ്ടെന്നും 32% പൂർത്തീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു.


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സാം. കെ ഡാനിയേൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ മേഖലയിൽ മികവുറ്റ പ്രോജക്ടുകളാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നത് എന്ന് പ്രസിഡന്റ് പറഞ്ഞു. ആർദ്ര കേരളം, കായകൽപ്പ, നാഷണൽ കോളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് മുതലായ നേട്ടങ്ങൾ നേടിയെടുക്കുവാൻ സാധിക്കുന്നത് ജില്ലാ പഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യത്തിന് തെളിവാണ്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡോ. പി. കെ. ഗോപൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അഡ്വ സുമാ ലാൽ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ വസന്ത രമേശ്, അനിൽ.എസ് കല്ലേലി ഭാഗം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി സുധീഷ് കുമാർ, ശ്രീജ ഹരീഷ്, ആർ രശ്മി, സുനിത രാജേഷ്,പ്രിജി ശശിധരൻ, എസ്. സോമൻ, ബി. ജയന്തി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സന്ധ്യ, എച്ച്.എം. സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement