ഓടനാടും ഓടാ കയ്മളും

കരുനാഗപ്പള്ളിരേഖകൾ 16

ഡോ. സുരേഷ്മാധവ്
വർഷാവർഷം എൺപതിനായിരംപറ നെല്ല്, പാട്ടമായി കിട്ടിയിരുന്ന കൂടൽമാണിക്കംക്ഷേത്രത്തിന്റെ അധികാരം കായംകുളം രാജാവിന് കിട്ടിയ ചരിത്രം ഇനിയും കണ്ടെത്തിയിട്ടില്ല. ചെങ്ങന്നൂരും അതിനു വടക്കോട്ടും തമിഴന്മാർ (ശൈവന്മാർ )വന്നുകൂടി ബ്രാഹ്മണാധിപത്യത്തിന് മുടക്കം വരുത്തിയ കഥ “കേരളോത്പത്തി”യിലുണ്ടെങ്കിലും, നേരത്തെളിവുകളില്ല. മാണിക്കൻ കേരളൻ എന്ന ഔദ്യോഗികപ്പേരിൽ അറിയപ്പെടുന്ന തച്ചുടയ കയ്മൾ, മാണിക്കനായ ശിവന്റെ പ്രതിനിധിയാണ്. ആദ്യകാലത്തെ ശിവക്ഷേത്രം പിൽക്കാലത്ത് ഭരതേശ്വരക്ഷേത്രമായതാവാം.

നീണ്ടകരപ്പൊഴി മുതൽ തോട്ടപ്പള്ളി അഴി വരെ ഓടനാട് എന്ന ദേശസങ്കൽപം കെ. ശിവശങ്കരൻ നായർ (വേണാടും തിരുവിതാംകൂറും )സൂചിപ്പിക്കുന്നുണ്ട്. ഇന്നത്തെ കായംകുളമാണ് പഴയ ഓടനാട് എന്ന് സാമാന്യമായി പ്പറയാം. കണ്ടിയൂർ ആയിരുന്നു അക്കാലത്ത് ഓടനാടിന്റെ തലസ്ഥാനം. പിന്നീട് കായംകുളത്ത് ഭരണം വേരുറച്ചപ്പോൾ ആസ്ഥാനം എരുവാ ആയി. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമെഴുതിയ അഴകത്ത് പദ്മനാഭകുറുപ്പിന്റെ (1869-1931)”പ്രഭുശക്തിമാഹാത്മ്യം “എന്ന കൃതിയിൽ കായംകുളം രാജാവായ ഓടാകയ്മളാണ് നായകൻ. ഓടാ കയ്മൾ എന്നാൽ ഉടയ കയ്മൾ എന്നർത്ഥം. ഉടയനാട് എന്ന പേരാണ് വാമൊഴിവഴക്കത്തിൽ” ഓടനാടാ”യി മാറിയത്. “കേരളോത്പത്തി”യിൽ ഉടയനാട് എന്നുതന്നെ ഓടനാടിനെ പരാമർശിക്കുന്നു.

ഒരു സംസ്കൃതകാവ്യത്തിൽ ഓടനാടിനെ “ഓടലുകളുടെ(മുളകളുടെ )നാടായി “വർണിക്കുന്നുണ്ടെങ്കിലും, അത് നാട്ടുപേരുകളെ സംസ്‌കൃതീകരിക്കുന്ന പഴയ പണ്ഡിതവഴക്കത്തിന്റെ ഭാഗമായി തന്നെ കാണാവുന്നതാണ്. ഓടാ കയ്മൾ ആയ കായംകുളംരാജാവാണ് കൂടൽമാണിക്കം അധികാരിയായി തച്ചുടയകയ്മളെ തെരഞ്ഞെടുത്തിരുന്നത്. തച്ച് +ഉടയ എന്നതിന് സ്ഥാപനാധികാരി എന്നർത്ഥം. “തച്ചുടയ “എന്ന പദത്തിന് നീലകണ്ഠതീർത്ഥപാദർ താത്വികാർത്ഥം കൽപ്പിക്കുന്നുണ്ടെങ്കിലും, ഭൗതികാർത്ഥത്തിൽ ‘ക്ഷേത്രാധികാരി ‘എന്ന പദമാണ് പ്രകൃതത്തിന് യോജിക്കുന്നത്. ഉടയ കയ്മളുടെ ക്ഷേത്രപ്രതിനിധി തച്ചുടയകയ്മൾ എന്നറിയപ്പെടുക സ്വാഭാവികമാണല്ലോ. തച്ചിന്റെ (building )ഉടയവൻ എന്നർത്ഥം.

കരുനാഗപ്പള്ളിയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്ന തച്ചുടയകയ്മൾമാരും അതിന് അധികാരപ്പെട്ട ഓടാ കയ്മളും ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്കനുമെല്ലാം പിൽക്കാല പൗരോഹിത്യസംസ്കാരങ്ങൾക്ക് അടിപ്പെട്ടുപോയ ദ്രാവിഡവാഴ്‌വുകളുടെ തെളിച്ചങ്ങളാണ്.

Advertisement