മരുഭൂമിയില്‍പൊട്ടിയ കാരുണ്യത്തിന്‍റെ ഉറവ്, കരുനാഗപ്പള്ളി സ്വദേശി റാഫിക്ക് മോചനം

അബ്ഹ : മരുഭൂമിയില്‍ കാരുണ്യത്തിന്റെ ഉറവപൊട്ടിയത് ജീവനേകിയത് പ്രതീക്ഷ നശിച്ച പ്രവാസിക്ക്. രോഗവും നിയമക്കുരുക്കുംമൂലം ദുരിതക്കയത്തിലായ കരുനാഗപ്പള്ളി സ്വദേശി റാഫിയാണ് നാടിന്റെ മരുപ്പച്ചയിലണയുന്നത്. പ്രമേഹം മൂര്‍ച്ഛിച്ച് തീര്‍ത്തും അവശനിലയിലായ റാഫിയാണ് ഖമീസ് മുശൈത്തിലെ ഒരുകൂട്ടം മലയാളികളുടെ ശ്രമഫലമായി നാട്ടിലേക്ക് തിരിച്ചത്.

15 വര്‍ഷത്തിലധികമായി പ്രവാസിയായ റാഫി എട്ടുവര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. തന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റിന് (ജവാസത്ത്) പരാതി നല്‍കി ഒളിച്ചോടിയെന്ന (ഹുറൂബ്) കേസില്‍പെടുത്തുകയായിരുന്നു. ഇതുകാരണം നാട്ടില്‍ പോകാനാവാത്ത നിയമക്കുരുക്കിലായി പോവുകയായിരുന്നു. അതിനിടയിലാണ് പ്രമേഹം കലശലായത്. കാലിനെ പഴുപ്പ് ബാധിച്ച് മുറിവ് ഉണങ്ങാത്ത സ്ഥിതിയായപ്പോള്‍ നാട്ടില്‍പോയി വിദഗ്ധ ചികിത്സ തേടാന്‍ ഇവിടെ പരിശോധിച്ച ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോകാന്‍ ശ്രമം നടത്തിയെങ്കിലും ‘ഹുറൂബ്’ കുരുക്ക് തടസ്സമായി. ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ ഹൈദര്‍ തൃശൂര്‍, പ്രസാദ് നാവായിക്കുളം എന്നിവര്‍ ഒ.ഐ.സി.സി ദക്ഷിണമേഖല പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫയര്‍ മെംബറുമായ അഷ്‌റഫ് കുറ്റിച്ചലിന്റെ സഹായം തേടി. അദ്ദേഹം നാടുകടത്തല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് എക്‌സിറ്റ് നേടി. തുടര്‍ന്ന് വിമാനടിക്കറ്റിനും നാട്ടില്‍ ചികിത്സിക്കാനുമുള്ള പണവും വിവിധ പ്രവാസി സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും ചേര്‍ന്ന് സമാഹരിച്ച് നല്‍കി.

മുജീബ് കരുനാഗപ്പള്ളി, അക്ബര്‍ പുന്നല, കരീം കരുനാഗപ്പള്ളി, സെയ്ദ് അലവി ചിറയിന്‍കീഴ്, അന്‍സാദ് കുന്നിക്കോട്, വിജയന്‍ മാവേലിക്കര, സെയ്ദ് തിരുവനന്തപുരം, സുഭാഷ് ഓച്ചിറ, ശ്യാം കൊല്ലം എന്നിവരുടെ ശ്രമഫലമായാണ് വേഗത്തില്‍ നാട്ടിലേക്ക് പോകാന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാനായത്. റാഫിക്ക് ഭാര്യയയും രണ്ട് മക്കളുമാണുള്ളത്.

Advertisement