സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കാൻ അനുമതി നൽകി സർക്കാർ. 243 പുതിയ പ്രീമിയം വാക്ക്-ഇൻ മദ്യവിൽപ്പന ശാലകൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ബെവ്കോ നൽകിയ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. ഏറ്റവും കൂടുതൽ പുതിയ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുന്നത് തൃശൂരിലാണ്. 28 പുതിയ ഔട്ട്‌ലെറ്റുകളാണ് തൃശൂരിൽ ആരംഭിക്കുക.

തിരുവനന്തപുരത്ത് 27 ഔട്ട്‌ലെറ്റും തുറക്കും. ഏറ്റവും കുറവ് കാസർഗോഡും പത്തനംതിട്ടയിലുമാണ്. ഏഴ് ഔട്ട്‌ലെറ്റുകൾ വീതമാണ് ഇരുജില്ലകളിലും തുറക്കുക. നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനുള്ള നടപടികൾ ആരംഭിക്കാൻ കഴിഞ്ഞ വർഷം കേരള ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനുള്ള ബെവ്‌കോയുടെ നിർദ്ദേശം പരിഗണിക്കാനും സർക്കാറിന് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതോടെ ബെവ്‌കോയുടെ ശുപാർശ സർക്കാർ അംഗീകരിക്കുക ആയിരുന്നു. ഔട്ട്‌ലെറ്റുകളിൽ നിലവിലെ 267ൽ നിന്ന് രണ്ടു മടങ്ങ് വർധനയാണ് ഉണ്ടാകുക. 175 പുതിയ ഔട്ട്‌ലെറ്റുകളും മുൻ യുഡിഎഫ് സർക്കാർ പൂട്ടിയ 68 എണ്ണവും പുനരാരംഭിക്കാനാണ് അനുമതി നൽകിയത്.

Advertisement