ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ; തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിൽ, പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും

തിരുവനന്തപുരം: മുൻ മന്ത്രി ഇ.പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക്. നിലവിലെ കൺവീനർ എ. വിജയരാഘവൻ സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണ് തീരുമാനം.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കൺവീനറായി തിരഞ്ഞെടുത്തത്.

പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം പുത്തലത്ത് ദിനേശൻ ഒഴിയുമെന്നും തീരുമാനമായിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഒന്നാം പിണറായി സർക്കാരിൽ വ്യവസായ – കായിക വകുപ്പ് മന്ത്രിയായിരുന്നു ജയരാജൻ. ബന്ധു നിയമന വിവാദത്തെ തുടർന്ന് രാജിവെച്ചെങ്കിലും പിന്നീട് മന്ത്രിസഭയിലേക്ക് തിരികെ എത്തിയിരുന്നു. മട്ടന്നൂരിൽ നിന്ന് 2011, 2016 വർഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം വ്യവസ്ഥ നിർബന്ധമാക്കിയതിനെ തുടർന്ന് ഇ.പിക്ക് സീറ്റ് നൽകിയിരുന്നില്ല. പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനം ഒഴിയുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപരാകും എന്നാണ് വിവരം. പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും.

Advertisement