കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വീണ്ടും നവജാത ഇരട്ടകള്‍ മരിച്ചു, കൃത്യസമയത്ത് അമ്മയ്ക്ക് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

കൊല്ലം: കടയ്ക്കൽ താലൂക്ക് ആശുപത്രിക്കെതിരെ വീണ്ടും പരാതി. രക്തസ്രാവത്തെ തുടർന്ന് ഗർഭിണിക്ക് കൃത്യസമയത്ത് ചികിത്സ നൽകാത്തതിനാൽ ഇരട്ടക്കുട്ടികൾ മരിച്ചതായാണ് പരാതി.
ഒരാഴ്ച മുൻപും ചികിത്സാ പിഴവു മൂലം കുഞ്ഞ് മരിച്ചെന്ന പരാതി ആശുപത്രിക്കെതിരെ ഉയർന്നിരുന്നു.

ശരത് – ഗീതു ദമ്പതികളുടെ കുഞ്ഞുങ്ങൾ ആണ് മരിച്ചത്. ഗീതു ആദ്യ മാസം മുതൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലാണ് ചികിത്സ. ഏപ്രിൽ 14ന് ഗീതുവിൻറെ സിസേറിയൻ നിശ്ചയിച്ചതാണ്. എന്നാൽ ഏപ്രിൽ ഒന്നിന് രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു. ഗൈനക്കോളജി വിഭാഗം ഡോക്ടർ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയതേയുള്ളൂ എന്നും ഇനി വരാൻ കഴിയില്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഗുരുതര രക്തസ്രാവമുണ്ടായിട്ടും യാതൊരു പ്രാഥമിക ചികിത്സയും കടക്കൽ താലൂക്ക് ആശുപത്രിയിൽ നിന്നും നൽകിയില്ലെന്ന് വീട്ടുകാർ ആരോപിക്കുന്നു.

പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരട്ടക്കുട്ടികൾ മരിച്ചു. ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പട്ടികജാതി കമ്മീഷനും ദലിത് കുടുംബം പരാതി നൽകി. എന്നാൽ ആശുപത്രി അധികൃതർ ആരോപണങ്ങൾ നിഷേധിച്ചു. ആഴ്ചകൾക്കു മുൻപാണ് ചിതറ കണ്ണങ്കോട് സ്വദേശിനി സിമിക്ക് കൃത്യസമയത്ത് ശസ്ത്രക്രിയ നടത്താത്തതിനാൽ കുഞ്ഞു മരിച്ചുവെന്ന ആരോപണം ഉണ്ടായത്.

Advertisement