തിരുവനന്തപുരം: ജനങ്ങളുടെ വോട്ടവകാശം മോഷ്ടിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമായി മുന്നോട്ട് പോകുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. രാജ്യം പ്രക്ഷുബ്ധമായ ഒരു സമരത്തിന്റെ നടുവിലാണ്. തെരഞ്ഞെടുപ്പ് കൃത്രിമം നടത്തിയവർ വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ടുള്ള സമരത്തിൽ ബിജെപിയും അവരെ അനുകൂലിക്കുന്ന ചില രാഷ്ട്രീയ സംഘടനകളുമൊഴികെ എല്ലാവരും ഒറ്റക്കെട്ടാണന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ സമരമുഖത്ത നിന്ന് കേരളത്തിലെത്തിയ എം എ ബേബിയെ ആവേശത്തോടെയാണ് സിപിഐ എം പ്രവർത്തകർ വരവേറ്റത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്.
ഗ്യാനേഷ് കുമാറിന് ഒറ്റയ്ക്ക് ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാനാകില്ലെന്നും അതിന് വേണ്ട എല്ലാ സൗകര്യങ്ങളും സുരക്ഷയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്നാണ് ഒരുക്കി നൽകിയിട്ടുള്ളതെന്നും എം എ ബേബി കൂട്ടിച്ചേർത്തു. വിചിത്രമായ സംരക്ഷണമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് നൽകിയിരിക്കുന്നത്. ഇന്ത്യൻ പ്രസിഡന്റിനില്ലാത്ത സംരക്ഷണമാണ്. ഒരു ക്രിമിനൽ, സിവിൽ കേസുകളിൽ പോലും അദ്ദേഹത്തെ പ്രതിയാക്കാൻ കഴിയില്ല. പ്രസിഡന്റിനും ഗവർണർമാർക്കും അവർ ജോലിയിലിരിക്കുന്ന കാലത്ത് മാത്രമാണ് ഈ സംരക്ഷണം. മോദി- അമിത്ഷാ സഖ്യം ഗ്യാനേഷ് കുമാറിനും കൂട്ടാളികൾക്കും കൊടുത്തിരിക്കുന്ന സംരക്ഷണം ആജീവനാന്തമാണ്. സിവിൽ-ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ ഉദ്ദേശിച്ച് തന്നെയാണ് ഇവരെ നിയമിച്ചിട്ടുള്ളത് എന്നത് വളരെ വ്യക്തമാണ്.
രാജ്യമൊന്നിച്ചിറങ്ങിയ പ്രക്ഷോഭത്തിൽ ഡൽഹി, കേരളം, തമിഴ്നാട്, ആന്ധ്ര, ബംഗാൾ എന്നിങ്ങനെ ചെങ്കൊടി പിടിക്കാൻ എവിടെയൊക്കെ സഖാക്കളുണ്ടോ അവിടെയെല്ലാം അവർ ആദ്യം മുതൽ സമരരംഗത്തുണ്ടായിരുന്നു. ഡൽഹിയിലെ സമരത്തിന്റെ മുന്നണിയിൽ സിപിഐ എം ഉണ്ടായിരുന്നു. വളരെ അസാധാരണമായ കാര്യം നടന്നിരുന്നു. പാർടിയുടെ കേന്ദ്ര കമ്മിറ്റി യോഗം വിളിച്ചു ചേർത്തപ്പോൾ എല്ലാ പിബി അംഗങ്ങളും ഡൽഹിയിലെത്തി. അതിൽ രണ്ട് മുൻ മുഖ്യമന്ത്രിമാരുണ്ടായിരുന്നു. പിണറായി വിജയനും മണിക് സർക്കാരും. അവരുൾപ്പെടെ ഞങ്ങളെല്ലാം ചേർന്ന് സമരമുഖത്തേക്കിറങ്ങി.
ആദ്യത്തെ ജന്തർ മന്തർ സമരത്തിന് ശേഷം അവിടേക്ക് കടക്കാൻ ഒരു ഈച്ചയെപ്പോലും മോദിയും അമിത്ഷായും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും അനുവദിച്ചിട്ടില്ല. മോഹൻ ബാഗവത് കൂടി ചേർന്നാണ് ഇപ്പോൾ രാജ്യത്തിന്റെ ഭരണം നടത്തുന്നത്. ഒക്ടോബർ 10 പ്രക്ഷോഭത്തിന് തലേ ദിവസം തന്നെ സിപിഐ എം നേതാക്കൾ എല്ലാവരും കേരളാഹൗസിൽ എത്തിയിരുന്നു. പിണറായി വിജയൻ, എം വി ഗോവിന്ദൻ, എ വിജയരാഘവൻ, ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള സിപിഐ എം നേതാക്കളുൾപ്പെടെ ഞങ്ങൾ എല്ലാവരും സമരത്തിനിറങ്ങി. ഒരു മനുഷ്യനെ ഇതുവരെ കടക്കാൻ അനുവദിക്കാതിരുന്ന ജന്തർ മന്തർ വിലക്ക് ഭേദിച്ചു. അവിടെ സമര മുദ്രാവാക്യം മുഴക്കി.
ഡൽഹിയിൽ നടന്ന സമരത്തിൽ എം പിമാരായ ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ഐഷി ഘോഷ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എം പി, ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ് തുടങ്ങിയവരെല്ലാം മർദനം എറ്റുവാങ്ങി. ജനങ്ങൾക്ക് വേണ്ടി, ജനാധിപത്യത്തിനുവേണ്ടി, മതനിരപേക്ഷതയ്ക്ക് വേണ്ടി, സിപിഐഎമ്മും ഇടതുപക്ഷവും ഇനിയും മുന്നോട്ട് പോകുമെന്നും ശക്തമായ പ്രക്ഷോഭങ്ങൾ നടക്കാനിരിക്കുന്നതേയുള്ളുവെന്നും എം എ ബേബി പറഞ്ഞു.































