സിപിഎം വിപുലീകൃത കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ചർച്ചയാകുന്നു. വീണക്കെതിരായ കേസിനെ പാര്‍ട്ടിക്കെതിരായ അക്രമമെന്ന് ചിത്രീകരിച്ചതില്‍ വിമര്‍ശനവുമായിട്ടാണ് പ്രതിനിധികള്‍ എത്തിയത്. വീണക്കെതിരെ കേസെടുത്തപ്പോള്‍ പാര്‍ട്ടി പ്രസ്താവനയിറക്കിയത് എന്തിനെന്ന് ചോദ്യം ഉയർന്നു.
അതേസമയം കോടിയേരിയുടെ മകനെതിരായ കേസ് വ്യക്തിപരമായി നേരിടട്ടെയെന്ന് പാര്‍ട്ടി നിലപാടെടുത്തു.
വി എസിന്‍റെ മകന്‍റെ കാര്യത്തിലും സമാന നിലപാട് സ്വീകരിച്ചു.
വീണയുടെ കാര്യത്തില്‍ എന്തിനാണ് വ്യത്യസ്ഥ നിലപാടെന്നും പ്രതിനിധികള്‍ ചോദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിലുണ്ടായ പരാജയത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തതിനെതിരെയും പ്രതിനിധികൾ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ വീഴ്ചകൾ സംസ്ഥാന കമ്മിറ്റി നേരത്തെ പരിശോധിച്ച സാഹചര്യത്തിലാണ് ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ നിന്ന് ഇത് ഒഴിവാക്കിയതെന്നാണ് വിശദീകരണം. പരാജയത്തെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി നിയോഗിച്ച എൻ. ചന്ദ്രൻ, പി. ഹരീന്ദ്രൻ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. ഈ കമ്മീഷൻ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും പയ്യന്നൂർ വിശാല ഏരിയാ കമ്മിറ്റിയിൽ ചർച്ച ചെയ്താൽ മതിയെന്നുമാണ് നിലവിലെ തീരുമാനം.





























