കുണ്ടറയില്‍ ഗ്യാസ്‌ ഗോഡൗണില്‍ പൊട്ടിത്തെറി

അനധികൃത പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു
അപകടം അനധികൃത നിറയ്ക്കല്‍ കേന്ദ്രത്തില്‍

കുണ്ടറ: അനധികൃത ഗ്യാസ് നിറയ്ക്കല്‍ കേന്ദ്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു. പേരയം വരമ്പുഭാഗത്ത് അടച്ചിട്ടിരിക്കുന്ന സര്‍വ്വീസ് സ്റ്റേഷനുള്ളില്‍ ഇന്ന് വൈകിട്ട് അഞ്ചോടെയായിരുന്നു അപകടമുണ്ടായത്. കണ്ടച്ചിറ സ്വദേശി നൗഫല്‍ (37) നാണ് പൊള്ളലേറ്റത്.

പൊട്ടിത്തെറിച്ച പാചകവാതക സിലിണ്ടര്‍

ഇരുകാലുകള്‍ക്കും പൊള്ളലേറ്റ നൗഫലിനെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സയ്ക്കുശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

പൊട്ടിത്തെറി നടന്ന പേരയം വരമ്പുഭാഗത്തെ അനധികൃത വാതകം നിറയ്ക്കല്‍ കേന്ദ്രം

തീപ്പിടിച്ച് പൊട്ടിത്തെറിച്ച ഗാര്‍ഹിക സിലിണ്ടറടക്കം 103 സിലിണ്ടറുകള്‍ ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡേന്‍, എച്ച്.പി. എന്നിവയുടെ ഗാര്‍ഹിക സിലിണ്ടറുകളാണ് അനധികൃതമായി എത്തിച്ച് വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളിലേക്ക് നിറച്ചുവന്നത്.

കൂട്ടിഇട്ട സിലിണ്ടറുകള്‍


ഉഗ്രശബ്ദവും തീപ്പിടുത്തവും ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലിസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചത്. കുണ്ടറയില്‍നിന്നെത്തിയ സേനാംഗങ്ങള്‍ തീകെടുത്തി. പൊട്ടിത്തെറിച്ച സിലിണ്ടര്‍ ഷീറ്റ് രൂപത്തിലായി. നിറയ്ക്കല്‍ കേന്ദ്രം പ്രവര്‍ത്തിച്ചവന്ന ഷെഡിന്റെ മേല്‍ക്കൂരയും തകര്‍ന്നു.പൊട്ടിത്തറി നടന്ന് വൈകാതെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം തീകെടുത്തിയതിനാല്‍ കൂടുതല്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വലിയദുരന്തമാകുന്നത് ഒഴിവാക്കാനായി. കുണ്ടറ പോലിസ് അന്വേഷണം ആരംഭിച്ചു.

Advertisement