26.4 C
Kollam
Friday 16th October, 2026 | 06:23:28 PM
Home News Kerala ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: ചാലക്കുടിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശികളായ ഉമിത്ത്, ഭാര്യ രാധ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജോലിയെടുക്കുന്ന വീട്ടിലാണ് ഇവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാലുമാസം മുന്‍പാണ് ഇവര്‍ വീട്ടുജോലിക്കായി എത്തിയത്. വീട്ടുടമ സിംഗപ്പൂരിലാണ്. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസിൽ നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു.

രാധയുടെ കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയതിന്‍റെ പാടുകളുണ്ടായതാണ് കൊലപാതകമെന്ന് സംശയത്തിലേക്ക് നയിച്ചത്. ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.