Home News Breaking News വിജയം കണ്ട ഏകതാരം പിഷു,വലിയ തകര്‍ച്ച ഗണേശന്‍റേത്

വിജയം കണ്ട ഏകതാരം പിഷു,വലിയ തകര്‍ച്ച ഗണേശന്‍റേത്

Advertisement

കൊച്ചി: ഇത്തവണ സിനിമാ- ടെലിവിഷന്‍ മേഖലയില്‍ നിന്ന് ഒരേ ഒരു താരം മാത്രമാണ് നിയമസഭയിലെത്തുന്നത്. നിരവധി പ്രമുഖര്‍ മത്സരിച്ചെങ്കിലും ഒരാളെ മാത്രമാണ് വിജയം തുണച്ചത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമേഷ് പിഷാരടി മാത്രമാണ് ഇക്കുറി സഭയിലെ താരസാന്നിധ്യം. മൂന്ന് മുന്നണികളും താരങ്ങളെ ഇറക്കിയെങ്കിലും ഏറ്റവും കൂടുതല്‍ താരങ്ങളെ മത്സരത്തിനയച്ചത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയാണ്. രണ്ടുതാരങ്ങളെ വീതം എല്‍ഡിഎഫും ഒരാളെ യുഡിഎഫും താര മത്സരാര്‍ഥികളായി തിരഞ്ഞെടുപ്പ് ഗോദയിലിറക്കി.

ബിജെപിയുടെ ശോഭാ സുരേന്ദ്രന്‍, ഇടത് സ്വതന്ത്രനായ എന്‍എംആര്‍ റസാഖ് എന്നിവരായിരുന്നു പാലക്കാട് പിഷാരടിയുടെ എതിരാളികള്‍. 13,147 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രമേഷ് പിഷാരടി കന്നിയങ്കം വിജയിച്ചുകയറിയത്. തിരുവനന്തപുരം ജില്ലയില്‍ രണ്ട് താരസ്ഥാനാര്‍ഥികളാണ് മത്സരിക്കാന്‍ എത്തിയത്. തിരുവനന്തപുരം സെന്‍ട്രലില്‍ എല്‍ഡിഎഫിനായി നടന്‍ സുധീര്‍ കരമനയാണ് ജനവിധി തേടിയത്. സിഎംപിയുടെ സി.പി. ജോണ്‍, ബിജെപിയുടെ കരമന ജയന്‍ എന്നിവരായിരന്നു എതിരാളികള്‍. സിപി ജോണ്‍ 45586 വോട്ടിന് ജയിച്ചു.

അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായെത്തിയത് നടന്‍ വിവേക് ഗോപനാണ്. സിപിഎമ്മിന്റെ ജി. സ്റ്റീഫന്‍, കോണ്‍ഗ്രസിന്റെ വി.എസ്. ശിവകുമാര്‍ എന്നിവരാണ് മണ്ഡലത്തിലെ മറ്റുപ്രധാന സ്ഥാനാര്‍ഥികള്‍. 23,760 വോട്ട് നേടിയ വിവേക് ഗോപന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അരൂരില്‍ സിറ്റിങ് എംഎല്‍എയും ഗായികയുമായ ദലീമ ജോജോയായിരുന്നു ഇടതുസ്ഥാനാര്‍ഥി. കോണ്‍ഗ്രസിനായി ഷാനിമോള്‍ ഉസ്മാനും എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസിന്റെ പി.എസ്. ജ്യോതിസും കളത്തിലിറങ്ങി. ദെലീമയെ 9324 വോട്ടിന് ഷാനിമോള്‍ ഉസ്മാന്‍ പരാജയപ്പെടുത്തി.

കൊല്ലം ജില്ലയിലും രണ്ട് താരങ്ങള്‍ മത്സരത്തിനുണ്ടായിരുന്നു. പത്തനാപുരത്ത് ഇടത് സ്ഥാനാര്‍ഥിയായെത്തിയ നടനും ഗതാഗത മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിനെ 8310 വോട്ടിന് കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാല തോല്‍പ്പിച്ചു. കുണ്ടറയില്‍ ബിജെപി സ്ഥാനാര്‍ഥിയായി എത്തിയ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനും തോല്‍വി രുചിച്ചു. 18,966 വോട്ടാണ് അദ്ദേഹത്തിന് നേടാനായത്.

എറണാകുളം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് താരസാന്നിധ്യമുണ്ടായിരുന്നത്. തൃക്കാക്കരയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്ന നടനും സംവിധായകനും ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍ 21,424 വോട്ടും തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാര്‍ഥി നടി അഞ്ജലി നായര്‍ 29,471 വോട്ടും അങ്കമാലിയില്‍ മത്സരിച്ച ടെലിവിഷന്‍ താരം പ്രോമി കുര്യാക്കോസ് 9893 വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി.

Advertisement