Home News Kerala കരുനാഗപ്പള്ളിയിൽ തീപാറും പോരാട്ടം; സി.ആർ മഹേഷിനും സജിലാലിനും വെല്ലുവിളിയായി ജിതിൻ ദേവ്; ചാനൽ ചർച്ചകളിലെ പോരാളിയെ...

കരുനാഗപ്പള്ളിയിൽ തീപാറും പോരാട്ടം; സി.ആർ മഹേഷിനും സജിലാലിനും വെല്ലുവിളിയായി ജിതിൻ ദേവ്; ചാനൽ ചർച്ചകളിലെ പോരാളിയെ ഇറക്കി മണ്ഡലം പിടിക്കാൻ ശോഭാ സുരേന്ദ്രന്റെ കരുനീക്കം

Advertisement

കരുനാഗപ്പള്ളി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നു. സിറ്റിംഗ് എംഎൽഎ സി.ആർ മഹേഷിനെ നിലനിർത്താൻ കോൺഗ്രസും, മുൻ AIYF സംസ്ഥാന പ്രസിഡന്റ് സജിലാലിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.ഐയും കരുനീക്കം നടത്തുമ്പോൾ, അപ്രതീക്ഷിത നീക്കവുമായി ബിജെപിയും രംഗത്തുണ്ട്.

ചാനൽ ചർച്ചകളിലെ ബിജെപിയുടെ കരുത്തുറ്റ മുഖവും കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയുമായ വി.എസ്. ജിതിൻ ദേവിനെ മണ്ഡലത്തിലേക്ക് നിയോഗിക്കാനാണ് എൻ.ഡി.എ നീക്കം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിൽ ബിജെപി കാഴ്ചവെച്ച അസാമാന്യ മുന്നേറ്റത്തിന് പിന്നിൽ ജിതിൻ ദേവിന്റെ തന്ത്രങ്ങളായിരുന്നു.

കൊല്ലം കോർപ്പറേഷനിൽ പാർട്ടിയുടെ സീറ്റുകൾ 2-ൽ നിന്ന് 6-ലേക്ക് ഉയർത്തുന്നതിലും, പല വാർഡുകളിലും യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളുന്നതിലും അദ്ദേഹം വഹിച്ച പങ്ക് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയതാണ്.

അടിത്തട്ടിലെ ‘മൈക്രോ മാനേജ്‌മെന്റ്’ രീതിയിലൂടെ വോട്ടുകൾ സമാഹരിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ മികവ് കരുനാഗപ്പള്ളിയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പാർട്ടി കരുതുന്നു.

ശോഭാ സുരേന്ദ്രന്റെ വിശ്വസ്തൻ; കരുനാഗപ്പള്ളിയിൽ പുതുചരിത്രം കുറിക്കുമോ?

ആലപ്പുഴ ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളിൽ ജിതിൻ ദേവ് കാഴ്ചവെച്ച മികച്ച ഏകോപനവും മുന്നേറ്റവുമാണ് അദ്ദേഹത്തെ ഈ ദൗത്യത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രത്യേക താൽപ്പര്യവും നിർദ്ദേശവുമാണ് ജിതിൻ ദേവിനെ കരുനാഗപ്പള്ളിയിലേക്ക് എത്തിച്ചതെന്നാണ് സൂചന.

യുവമോർച്ച ജില്ലാ പ്രസിഡന്റായും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു തെളിഞ്ഞ ജിതിൻ ദേവിന് യുവാക്കൾക്കിടയിലുള്ള സ്വാധീനം വോട്ടായി മാറുമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്. ചാനൽ ചർച്ചകളിൽ വസ്തുതകൾ നിരത്തി എതിരാളികളെ പ്രതിരോധത്തിലാക്കുന്ന ശൈലിയാണ് ജിതിന്റേത്.

അഴിമതിയും വികസന വീഴ്ചകളും അക്കമിട്ട് നിരത്തി മധ്യവർഗ്ഗ വോട്ടർമാരെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ശോഭാ സുരേന്ദ്രന്റെ ആശിർവാദത്തോടെ പുതിയ രാഷ്ട്രീയ ദൗത്യവുമായി കരുനാഗപ്പള്ളിയിലെത്തുന്ന ഈ യുവമുഖം, മണ്ഡലത്തിൽ ബിജെപിക്ക് പുതിയ ഊർജവും പ്രതീക്ഷയും നൽകുന്നു. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുന്നതോടെ കരുനാഗപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചൂട് ഇരട്ടിയാകുമെന്ന് ഉറപ്പായി.

Advertisement