വാർത്താനോട്ടം

2024 ഏപ്രിൽ 15 തിങ്കൾ

🌴കേരളീയം🌴

🙏 വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്കായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകീട്ട് ആറിന് കോഴിക്കോട് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയില്‍ പങ്കെടുക്കുന്ന അദ്ദേഹം അടുത്ത ദിവസങ്ങളില്‍ വയനാട്ടിലുണ്ടാകും. 18 ന് രാവിലെ കണ്ണൂരും അന്ന് വൈകീട്ട് മൂന്നിന് പാലക്കാടും അഞ്ചുമണിക്ക് കോട്ടയത്തും സമ്മേളനങ്ങളില്‍ പങ്കെടുക്കും.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ന് എറണാകുളം നഗരത്തില്‍ ഗതാഗത നിയന്ത്രണം. ഇന്ന് രാവിലെ 9 മുതല്‍ 11 മണിവരെ ആയിരിക്കും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക.

🙏 കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബിജെപിയുടെ ശ്രമമെന്നും രണ്ടോ മൂന്നോ സീറ്റില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ ദേശീയ പാത വികസനം ദുഷ്‌കരമാണെന്നും ദേശീയ പാത വികസനത്തില്‍ കേരളം കേന്ദ്രവുമായി നല്ല രീതിയില്‍ സഹകരിക്കുന്നുണ്ടെന്നും പറഞ്ഞ ഗഡ്കരി വികസനവും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്നും പറഞ്ഞു.

🙏 തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പണംവാങ്ങി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. അത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്നും സ്വകാര്യ ചാനലിന് നിര്‍ദ്ദേശം നല്‍കി.

🙏 തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാശില്ലെന്നു പറഞ്ഞ് കാസര്‍കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. കൈയിലുള്ളത് ചെലവഴിക്കുകയായിരുന്നു ഇതുവരെ. അതു തീര്‍ന്നു. കൂടെ പ്രചാരണത്തിന് വരുന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ പോലും ഇപ്പോള്‍ കാശില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍.

🙏കാലഹരണപ്പെട്ട നേതാവ് എന്ന് താന്‍ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്നും ഹസന്റേത് സംസ്‌കാരമില്ലാത്ത വാക്കുകളാണെന്നും അതിന് വേറെ മറുപടിയില്ലെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണി. അനില്‍ ആന്റണി പിതൃനിന്ദ നടത്തിയെന്ന എംഎം ഹസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു അനില്‍ ആന്റണി.

🙏 സ്വന്തം അപ്പനെതിരായി പറഞ്ഞ് മതിയായപ്പോള്‍ ബാക്കി ഉള്ളവര്‍ക്കെതിരെ പറയുകയാണ് അനില്‍ ആന്റണിയെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസന്‍. കാലഹരണപ്പെട്ട നേതാവ് എന്ന് താന്‍ പറഞ്ഞത് ഹസനെ പോലെയുള്ള നേതാക്കളെ ഉദ്ദേശിച്ചാണെന്ന് അനില്‍ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു എം.എം.ഹസന്‍.

🙏 തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ചലച്ചിത്ര താരം ശോഭന. നെയ്യാറ്റിന്‍കര ടിബി ജംങ്ഷനില്‍ നിന്നു തുടങ്ങിയ രാജീവ് ചന്ദ്രശേഖറിന്റെ റോഡ് ഷോയിലും ശോഭന പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്നത്തെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്.

🇳🇪 ദേശീയം 🇳🇪

🙏 രാഹുല്‍ ഗാന്ധിയുടെ ദാരിദ്ര്യ നിര്‍മാര്‍ജന വാഗ്ദാനത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒറ്റയടിക്ക് രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് എംപി രാജ്യത്തെ അമ്പരപ്പിച്ചുവെന്നും ഈ കൊട്ടാരം മാന്ത്രികന്‍ ഇത്രയും വര്‍ഷം എവിടെയാണ് ഒളിച്ചിരുന്നതെന്നാണ് രാജ്യം ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🙏 ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ചയായെന്നും വിഷയം പരിഹരിക്കാന്‍ നയതന്ത്ര ചര്‍ച്ചകളുടെ ആവശ്യകതയുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

🙏 സി പി ഐ വിട്ട് കോണ്‍ഗ്രസിലെത്തിയ യുവ നേതാവ് കനയ്യകുമാര്‍ ഇത്തവണ ദില്ലി നോര്‍ത്ത് ഈസ്റ്റില്‍ മത്സരിക്കും. ഇന്നലെ പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ പുതിയ സ്ഥാനാര്‍ഥി പട്ടികയിലാണ് കനയ്യക്കും സീറ്റ് നല്‍കിയത്. ജെ എന്‍ യുവില്‍ പഠിച്ചു വളര്‍ന്ന യുവ നേതാവിനെ ദില്ലിയില്‍ ഇറക്കുന്നത് ഗുണം ചെയ്യുമെന്നാണ് എ ഐ സി സി നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.

🙏 ബിജെപി മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളെല്ലാം വാഗ്ദാനങ്ങളായി അവശേഷിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, ഇലക്ട്രല്‍ ബോണ്ട് എന്നിവയക്കുറിച്ച് ബിജെപിക്ക് ഒന്നും പറായിനില്ലെന്നും കര്‍ഷകര്‍ക്കും ഗുസ്തി താരങ്ങള്‍ക്കുമെല്ലാം സമരം ചെയ്യേണ്ടി വന്നുവെന്നും ബിജെപിക്ക് വിശ്വാസ്യതയില്ലാതായെന്നും അശോക് ഗെലോട്ട് പറഞ്ഞു.

🙏 ബി ജെ പി രാജ്യത്തെ രണ്ട് നൂറ്റാണ്ട് പിന്നോട്ടടിക്കാന്‍ ശ്രമിക്കുകയാണെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണഘടനയെ തകര്‍ക്കാനുള്ള ബി ജെ പിയുടെ ശ്രമം അപകടകരമാണെന്നും അംബേദ്കര്‍ കൊളുത്തിയ ജനാധിപത്യ ദീപം കെടാതെ കാക്കണമെന്നും എം കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

🙏 അഞ്ചര വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് ബീഹാര്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുരാരി കുമാര്‍ (24), ഉപ്‌നേഷ് കുമാര്‍ (22) എന്നിവരെയാണ് ഗോവയിലെ വാസ്‌കോ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

🙏 ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ്പ്. ഞായറാഴ്ച പുലര്‍ച്ചെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ അജ്ഞാതരായ അക്രമികള്‍ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറഞ്ഞു. വൈ പ്ലസ് കാറ്റഗറി സുരക്ഷയുള്ള സല്‍മാന്‍ ഖാന്‍ സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നു.

🇦🇽 അന്തർദേശീയം 🇦🇺

🙏 ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ഇസ്രയേലിന് എതിരെ ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ചാണ് ആക്രമണം അവസാനിപ്പിച്ചെന്ന് ഇബ്രാഹിം റെയ്സി വ്യക്തമാക്കിയത്.

🙏 ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിര്‍ത്തിവച്ചു. ഡല്‍ഹിക്കും ടെല്‍ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തല്‍ക്കാലം നിര്‍ത്തിവെക്കുമെന്ന് എയര്‍ ഇന്ത്യ.

🙏 ഒമാനിലെ ശക്തമായ മഴയില്‍ കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാണാതായ എട്ടുപേരില്‍ നാലു പേര്‍ കുട്ടികളാണെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ എട്ട് വിക്കറ്റിന്റെ ആധികാരിക വിജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

🙏ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗവിന് 7 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 47 പന്തില്‍ 89 റണ്‍സ് നേടിയ ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ മികവില്‍ 4.2 ഓവര്‍ ബാക്കി നില്‍ക്കേ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി.

🙏 ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുംബൈ ഇന്ത്യന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം.

🙏 ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 69 റണ്‍സെടുത്ത ഋതുരാജ് ഗെയ്ക്ക വാദിന്റേയും 66 റണ്‍സെടുത്ത ശിവം ദുബെയുടേയും അവസാന നാല് ബോളില്‍ 20 റണ്‍സെടുത്ത ധോണിയുടേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ 65 പന്തില്‍ 105 റണ്‍സെടുത്തെങ്കിലും ചെന്നൈയുടെ പേസര്‍ മതീഷ പതിരാന നാല് വിക്കറ്റുമായി കൊടുങ്കാറ്റായതോടെ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Advertisement