സംസ്ഥാനത്ത് വിവിധ വാഹന അപകടങ്ങളിൽ മൂന്ന് മരണം

സംസ്ഥാനത്ത് വിവിധ വാഹന അപകടങ്ങളിൽ മൂന്ന് മരണം. ഇടുക്കി രാജാക്കാട് വട്ടക്കണ്ണിപാറയിൽ തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. മലപ്പുറം ചങ്ങരംകുളത്ത് കാറപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്കേറ്റു.

രാവിലെ 9 മണിക്കാണ് ഇടുക്കി രാജാക്കാട് വട്ടക്കണ്ണി പാറയിൽ വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടത്. തമിഴ്നാട് ശിവഗംഗ സ്വദേശിയായ റജീന, പത്തു വയസുകാരിയായ സന എന്നിവർ മരിച്ചു. തേക്കടി സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 23 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം ചങ്ങരംഗളത്ത് ഉണ്ടായ വാഹനാപകടത്തിൽ ആനക്കര സ്വദേശി ശ്രീരാഗ് ആണ് മരിച്ചത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. നാലുപേർക്ക് പരിക്കുണ്ട്. കോഴിക്കോട് ചെറുവണ്ണൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.

Advertisement