വടക്കേ ഇന്ത്യയിൽ പ്രയോഗിച്ച വിദ്വേഷ പ്രചാരണം ഇവിടെ നടപ്പാക്കാനാണ് ബിജെപിയുടെ ശ്രമം: ആനി രാജ

വയനാട്:
ഗണപതിവട്ടം വിവാദത്തിൽ കെ സുരേന്ദ്രനെതിരെ വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം പ്രചരിപ്പിച്ച് പത്ത് വോട്ട് നേടുകയെന്നതാണ് ലക്ഷ്യമെന്ന് ആനി രാജ പറഞ്ഞു. അവസാന ശ്രമം എന്ന നിലയിലാണ് വടക്കേ ഇന്ത്യയിലെ വിദ്വേഷ പ്രയോഗം ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.
ജനകീയ വിഷയങ്ങളിൽ കെ സുരേന്ദ്രന് പ്രതികരണമില്ല. പ്രസ്താവനയുടെ ലക്ഷ്യം ജനശ്രദ്ധ നേടുകയെന്നതാണ്. ജനങ്ങളെ വിഭജിച്ച് വോട്ട് നേടാനാണ് ശ്രമം. കേരളത്തിൽ കെ സുരേന്ദ്രന്റെ വിത്ത് മുളക്കില്ല. എല്ലാ വിഭാഗവും ഇടകലർന്ന് ജീവിക്കുന്ന മണ്ണ് ആണിത്

സാഹോദര്യം നിലനിൽക്കുന്ന മണ്ഡലമാണിത്. അവിടേക്കാണ് വിഷം കലർത്താൻ ശ്രമിക്കുന്നത്. വയനാട്ടിലെ ജനങ്ങൾ ഇത് അനുവദിക്കില്ലെന്നും ആനിരാജ പറഞ്ഞു. നേരത്തെ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞതായിരുന്നു വിവാദം.

Advertisement