വനിതാ സുഹൃത്തിനെ കൊന്ന അതിഥിത്തൊഴിലാളി പിടിയില്‍… പിടിയിലായത് മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ നിന്ന്…

ആലപ്പുഴ പാണാവള്ളിയിൽ വനിതാ സുഹൃത്തിനെ കൊന്ന അതിഥിത്തൊഴിലാളി പിടിയില്‍. ഒഡീഷക്കാരി റിതിക സാഹുവാണ്  കൊല്ലപ്പെട്ടത് . പ്രതി ഒഡീഷക്കാരൻ സാമുവൽ രൂപമതിയെ മാവോയിസ്റ്റ് സ്വാധീന മേഖലയില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. പ്രണയ ബന്ധത്തിൽ നിന്നു പിൻമാറിയതാണ് കൊലയ്ക്ക് കാരണം.  

ഒഡിഷയിലെ കാണ്ഡമൽ സ്വദേശിയായ റിതിക സാഹുവിന് ഈ മാസം രണ്ടിന് പുലർച്ചെയാണ് കുത്തേറ്റത്. പെരുമ്പളം കവലയിലെ സ്വകാര്യ കമ്പനിയിൽ വച്ചാണ് ആക്രമണമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച്ച മരിച്ചു. റിതകയുടെ സുഹൃത്ത് സാമുവേൽ രൂപമതിയാണ് പ്രതിയെന്ന് അന്വേഷണത്തിൽ പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇയാൾ നാടു വിട്ടിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന ഇയാളുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോൾ പ്രതിയുടെ സ്ഥലത്തെപ്പറ്റി വിവരങ്ങൾ കിട്ടി. സാമുവേലിനെ തേടി പൂച്ചാക്കൽ പോലീസ് ഒഡീഷയിലെത്തി. മാവോയിസ്റ്റ് സ്വാധീനമേഖലയായ റമനിഗുഡയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടി. നാലു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. റിതിക ബന്ധത്തിൽ നിന്ന് പിൻമാറിയതിൻ്റെ വിരോധത്തിലായിരുന്നു കൊലപാതകം. 

Advertisement