വാർത്താ നോട്ടം

2024 ഏപ്രിൽ 06 ശനി

BREAKING NEWS

👉മൂവാറ്റുപുഴയിൽ അന്യ ‘സംസ്ഥാനക്കാരൻ മരിച്ചത് ആൾക്കൂട്ട ആക്രമണത്തിലെന്ന് ,10 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

👉തിരുവനന്തപുരത്ത് ഡിവൈഎഫ് ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം: ഒരാൾ പിടിയിൽ

👉പാനൂർ സ്ഫോടനം: പോലീസ് അന്വേഷണത്തിൽമെല്ല പോക്കെന്ന് പ്രതിപക്ഷം

👉സിദ്ധാർത്ഥിൻ്റെ മരണം: സിബിഐ അന്വേഷണം വേഗത്തിലാക്കിയത് കൂട്ടായ്മയുടെ വിജയമെന്ന് അഛൻ ജയപ്രകാശ്

👉കോഴിക്കോട് മെഡിക്കൽ കോളജിൽ സമരം തുടരുന്ന നസിംഗ് ഓഫീസറെ ഇന്ന് പ്രതിപക്ഷ നേതാവ് സന്ദർശിക്കും

👉പാനൂർ ബോംബ് നിർമ്മാണം: ഗുരുതര നിയമ ലംഘനം, തക്കതായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

🌴 കേരളീയം 🌴

🙏 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഇ.ഡിക്കു പുറമേ ആദായ നികുതി വകുപ്പും ചോദ്യംചെയ്തു. ഫോണ്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

🙏 വിവാദമായ പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സുരേഷ് ഗോപിയുടെ ഹര്‍ജികള്‍ എറണാകുളം എ.സി.ജെ.എം കോടതി തള്ളി. കേസിന്റെ വിചാരണ നടപടികള്‍ മെയ് 28ന് ആരംഭിക്കുമെന്നും കോടതി അറിയിച്ചു. വ്യാജ വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്.

🙏 പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചതിനുപിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.

🙏 മസാല ബോണ്ട് കേസില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്തെന്ന് ബോധ്യപ്പെടുത്തണമെന്ന് ഇഡിയോട് ഹൈക്കോടതി. ഇ .ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഉപഹര്‍ജി പരിഗണിക്കവേ ആണ് ഹൈക്കോടതി ഇഡിയോട് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

🙏 ഒരു ഇഞ്ച് പോലും ഇ ഡിക്ക് വഴങ്ങില്ലെന്നും ബി ജെ പിയുടെ രാഷ്ട്രീയ ഏജന്‍സി മാത്രമാണ് ഇ ഡിയെന്നും മുന്‍ ധനമന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ തോമസ് ഐസക്ക്. മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെതിരായ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ക്ക് പിന്നാലെയാണ് ഐസകിന്റെ പ്രതികരണം.

🙏 പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥികളായ തോമസ് ഐസക്കിന്റേയും ആന്റോ ആന്റണിയുടെയും പത്രികകള്‍ അംഗീകരിച്ചുവെങ്കിലും സത്യവാങ്മൂലത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തില്‍ നോട്ട് ആപ്ലിക്കബിള്‍ എന്നാണ് തോമസ് ഐസക് എഴുതിയത്. ഇതിനെ യുഡിഎഫ് ചോദ്യം ചെയ്തതോടെയാണ് വിശദീകരണം തേടിയത്. അതോടൊപ്പം ആന്റോ ആന്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.

🙏 കാസര്‍കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്.

🙏 സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. 2,77,49,159 പേരാണ് അന്തിമ വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി.

🙏 തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുന്നതിനിടെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. തൃശൂരില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട,കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയര്‍ന്നേക്കാം.

🙏 നാലു മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷം അമ്മ തൂങ്ങി മരിച്ച നിലയില്‍. കാസര്‍കോട് മുളിയാര്‍ കോപ്പാളംകൊച്ചിയിലെ ബിന്ദു (30), ഇവരുടെ നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ശ്രീനന്ദന എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

🙏 മൂവാറ്റുപുഴ വാളകത്ത് കഴിഞ്ഞദിവസം രാത്രിയില്‍ ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തില്‍ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുണാചല്‍ പ്രദേശ് സ്വദേശി അശോക് ദാസ് (24) ആണ് മരിച്ചത്. പെണ്‍ സുഹൃത്തിന്റെ വീട്ടിലെത്തിയ അശോക്ദാസിനെ വീടിനടുത്തുള്ള ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണില്‍ കെട്ടിയിട്ടു മര്‍ദിച്ചതാണ് മരണകാരണമെന്നാണ് നിഗമനം.

🇳🇪 ദേശീയം 🇳🇪

🙏 യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നാഗ്പുര്‍ സര്‍വ്വകലാശാല പ്രൊഫസര്‍ ഷോമാസെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2018 ജൂണില്‍ അറസ്റ്റിലായ ഷോമാസെന്‍ അന്ന് മുതല്‍ തടവിലാണ്.

🙏 രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ സായ് പ്രസാദ് എന്ന യുവാവിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

🙏ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 5 വിക്കറ്റിന് 165 ലൊതുക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് സാധിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി.

🙏 12 ബോളില്‍ 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ്മ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം 31 റണ്‍സെടുത്ത ട്രാവിസ് ഹെഡും 50 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവും സണ്‍റൈസേഴ്സിന് വിജയത്തിലേക്ക് നയിച്ചു

Advertisement