കൊല്ലപ്പെട്ട ടി.ടി.ഇ വിനോദിൻ്റെ പോസ്റ്റ് മാർട്ടം ഇന്ന്; സിനിമയിലും സജീവം

‘തൃശ്ശൂർ: ടിക്കറ്റ് ചോദിച്ചതിനെത്തുടർന്ന് വെളപ്പായയിൽ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനിൽനിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ. വിനോദ്, ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലും സജീവസാന്നിധ്യം. ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 15-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണൻ എന്ന പേരിലാണ് ഇദ്ദേഹം സിനിമ ലോകത്ത് അറിയപ്പെടുന്നത്.

മോഹൻലാലിന്റെ മിസറ്റർ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയുടെ സംവിധായകൻ ആഷിഖ് അബു വിനോദിന്റെ സഹപാഠിയാണ്. ഒപ്പം സിനിമയിൽ ഡിവൈ.എസ്.പിയുടെ വേഷമാണ് വിനോദ് ചെയ്തത്. ഹൗ ഓൾഡ് ആർ യൂ?, മംഗ്ലീഷ്, വിക്രമാദിത്യൻ, കസിൻസ്, വില്ലാളിവീരൻ, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിൻ, ലവ് 24×7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.

ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തടുർന്ന് വിനോദിനെ രജനികാന്ത് ട്രെയിനിൽനിന്ന് തള്ളിയിടുകയായിരുന്നു. ഷൊർണൂരിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്കായിരുന്നു വിനോദ് വീണത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പല ശരീരഭാഗങ്ങളും മാറിയാണ് കിടന്നിരുന്നത്. വിനോദ് ട്രാക്കിലേക്ക് വീണതിന് പിന്നാലെ മറ്റൊരു ട്രെയിൻ അതുവഴി പോയിട്ടുണ്ടാകാമെന്ന് ആർ.പി.എഫ്. സംശയം പ്രകടിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒഢീഷ സ്വദേശിയായ രജനികാന്തയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement