പുരാവസ്തു തട്ടിപ്പ്‌ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം

കൊച്ചി. മോന്‍സൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ്‌ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പ്രതിയാക്കി കുറ്റപത്രം. സുധാകരനെ രണ്ടാം പ്രതിയാക്കി ആദ്യ കുറ്റപത്രമാണ് എറണാകുളം എസിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്. വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയിരിക്കുന്നത്.

മോന്‍സണ്‍ വ്യാജ ഡോക്ടറാണന്നറിഞ്ഞിട്ടും മറച്ചുവെച്ചുവെന്നും, തട്ടിപ്പിനുവേണ്ടി സുധാകരന്‍ ഗൂഢാലോചന നടത്തിയെന്നും ക്രൈം ബ്രാഞ്ച് ഡിവൈ എസ്‍ പി ആര്‍ റസ്തം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം. 25 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ കെ സുധാകരൻ 10 ലക്ഷം കൈപ്പറ്റിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 406, 120 ബി വകുപ്പുകൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് കുറ്റപ്പത്രം സമർപ്പിച്ചത്.

അതേസമയം ജനകീയ വിഷയങ്ങളിലെ പ്രതിഷേധം മറയ്ക്കാനാണ് നേതാക്കൾക്കെതിരായ പോലീസ് നടപടിയെന്ന് കെ.സുധാകരനും, സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു.

കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരേയും പ്രതിചേർക്കണമെന്നായിരുന്നു പരാതിക്കാരനായ എംടി ഷെമീറിന്റെ ആവശ്യം.ജൂണിൽ ക്രൈംബ്രാഞ്ച് കെ സുധാകരനെ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് നടപടി.

Advertisement