സിദ്ധാര്‍ത്ഥന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വയനാട്. പൂക്കോട് വെറ്റനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെയാണ് പ്രതിപ്പട്ടികയിലെ എല്ലാവരെയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞത്. 18 പേരാണ് കേസിലെ പ്രതികള്‍. ഇവരെ ക്യാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം. സിദ്ധാര്‍ത്ഥന് നാലിടത്ത് വച്ച് മര്‍ദനമേറ്റതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

സഹപാഠിയോട് അപമര്യാദയായി പെരുമാറിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു മര്‍ദനമെന്നാണ് പിടിയിലായ പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി. പ്രധാന പ്രതികള്‍ക്കായി കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റംകൂടി ചുമത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. അതേസമയം കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ സര്‍വകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്നാരോപിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.

Advertisement