മാനന്തവാടിയിൽ പരിഭ്രാന്തി പടര്‍ത്തിയ കാട്ടാനയെ ആവശ്യമെങ്കില്‍ മയക്കുവെടി വെക്കാന്‍ നിര്‍ദേശം

വയനാട്ടിലെ മാനന്തവാടിയിൽ നഗരത്തില്‍ പരിഭ്രാന്തി പടര്‍ത്തിയ കാട്ടാനയെ കാടു കയറ്റാന്‍ ശ്രമം തുടരുന്നതായി വനംമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ മയക്കുവെടി വെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.ആനയെ മയക്കുവെടി വെക്കുമെന്ന് സ്ഥലത്തെത്തിയ വയനാട് ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.
ആന കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയതാണെന്ന് സ്ഥിരീകരിച്ചു. തണ്ണീര്‍ എന്നു പേരുള്ള കാട്ടാനയാണ് നഗരത്തിലിറങ്ങിയത്. ഹാസനിലെ സഹാറ എസ്റ്റേറ്റില്‍ നിന്നും കഴിഞ്ഞ ജനുവരി 16 ന് കര്‍ണാടക വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയ ആനയാണിത്.
പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ചശേഷം ഒറ്റയാനെ ബന്ദിപ്പൂരിനടുത്ത് മൂലഹൊള്ളയില്‍ തുറന്നു വിടുകയായിരുന്നു. ഇവിടെ നിന്നാണ് ആന മാനന്തവാടിയിലെത്തിയത്. ആന അക്രമാസക്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനയെ പിടിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കര്‍ണാടക വനംവകുപ്പ് അറിയിച്ചു.
കാട്ടാന നഗരത്തിലിറങ്ങിയതിനെ തുടര്‍ന്ന് മാനന്തവാടിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച്, ഏഴ് വാര്‍ഡുകളിലും മാനന്തവാടി നഗരസഭയിലെ 24, 25, 26, 27 ഡിവിഷനുകളിലുമാണ് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Advertisement