പണിമുടക്ക് സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു

തിരുവനന്തപുരം.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു. തിരുവനന്തപുരത്തും മലപ്പുറത്തും നേരിയ സംഘർഷം ഉണ്ടായി. ജോലിക്ക് എത്തിയ ജീവനക്കാരെ പ്രതിഷേധക്കാർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷ അനുകൂല സംഘടനകളുടെ തീരുമാനം

ഡിഎ കുടിശിക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ സർവീസ് സംഘടന തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പണിമുടക്കിലാണ് സംഘർഷം ഉണ്ടായത്. ഇടത് സംഘടനാ പ്രവർത്തകനും ഭാര്യയും ഇരുചക്രവാഹനത്തില്‍ പോയത് തടഞ്ഞെന്ന് ആരോപിച്ച് ഭരണ പ്രതിപക്ഷ ജീവനക്കാർ ഏറ്റുമുട്ടി

മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കളുടെ ആരോപണം.ജോലിക്ക് എത്തുന്ന ജീവനക്കാരെ ബലമായി തടഞ്ഞെന്ന് ഭരണപക്ഷ സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ.

പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. തുടർന്ന് പ്രതിപക്ഷ സംഘടനകൾ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. തിരുവനന്തപുരം എസ്എംവി സ്കൂളിൽ ജോലിക്ക് എത്തിയ അധ്യാപകരെ പ്രതിപക്ഷ ജീവനക്കാർ തടഞ്ഞതും തർക്കത്തിന് ഇടയാക്കി.

Advertisement