വാര്‍ത്താനോട്ടം

2024 ജനുവരി 12 വെള്ളി

🌴 കേരളീയം 🌴

🙏യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു രാത്രി എട്ടിനു മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നൈറ്റ് മാര്‍ച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് സമര ജ്വാല എന്ന മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു.

🙏കൈവെട്ടു കേസ് ഒന്നാം പ്രതി സവാദിന് ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെ എന്‍ഐഎ തെരയുന്നു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു ഒളിവു ജീവിതം. 2016 ലാണ് സവാദ് വിവാഹം കഴിച്ചത്. കൈവെട്ടു കേസ് പ്രതിയാണന്ന് അറിഞ്ഞിരുന്നില്ലെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. ഉളളാള്‍ ദര്‍ഗയില്‍ പരിചയപ്പെട്ട ഷാജഹാനെന്ന യുവാവിന് മകളെ വിവാഹം കഴിച്ചുകൊടുക്കുകയായിരുന്നെന്ന് കാസര്‍കോട് മഞ്ചേശ്വരം സ്വദേശിയായ ഭാര്യാപിതാവ് പറഞ്ഞു.

🙏പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനംമൂലം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17 ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ മറ്റു വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തണമെന്നു പൊലീസ് വിവാഹ പാര്‍ട്ടികള്‍ക്കു നിര്‍ദേശം നല്‍കി. രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ എത്തുന്ന മോദി 8.15 ന് ക്ഷേത്രദര്‍ശനം നടത്തും.

🙏സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപായി മാര്‍ റാഫേല്‍ തട്ടില്‍ ചുമതലയേറ്റു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ള മെത്രാന്മാര്‍ പങ്കെടുത്തു. 1989 ല്‍ മാര്‍ ജോസഫ് കുണ്ടുകുളത്തില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച മാര്‍ റാഫേല്‍ തട്ടില്‍ 2010 ലാണ് തൃശൂര്‍ സഹായ മെത്രാനായത്.

🙏മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചക്രവാളത്തില്‍ അസ്തമിച്ചു പോകുന്ന സൂര്യനല്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ മാര്‍ റാഫേല്‍ തട്ടില്‍. വിവാദങ്ങളുണ്ടായെങ്കിലും അദ്ദേഹം തെറ്റുചെയ്തെന്ന് കരുതുന്നില്ല. ഏറെ യാതനകളിലൂടെ കടന്നു പോയ പിതാവാണ് അദ്ദേഹമെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

🙏രാമന്‍ ബി.ജെ.പിക്കൊപ്പമല്ലെന്നും ‘ഹേ റാം…’ എന്ന ചുണ്ടനക്കത്തോടെ ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയിലാണ് രാമനുള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അയോധ്യയിലേക്ക് പാര്‍ട്ടിയെ അല്ല വ്യക്തികളെയാണ് ക്ഷണിച്ചത്.

🙏കേരളം അന്താരാഷ്ട്ര ഭീകരരുടെ ഒളിത്താവളമായെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കൈവെട്ടുകേസില്‍ 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞ സവാദ് അറസ്റ്റിലായതിനെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏ജപ്തി ഭീഷണിയെത്തുടര്‍ന്ന് ആലപ്പുഴയിലെ കുട്ടനാട്ടില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ പ്രസാദിന്റെ വീടിന്റെ ജപ്തി നടപടികള്‍ മരവിപ്പിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനോട് മന്ത്രി കെ രാധാകൃഷ്ണന്‍ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

🙏പത്തനംതിട്ട കടമ്മനിട്ടയില്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച കേസിലെ എസ്എഫ്ഐ നേതാവും ഒന്നാം പ്രതിയുമായ ജയ്സണ്‍ ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

🇳🇪 ദേശീയം 🇳🇪

🙏മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ അനുമതി നിഷേധിച്ചതിനാല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനം ഥൗബലിലേക്കു മാറ്റി. ഞായറാഴ്ചയാണ് യാത്ര തുടങ്ങുന്നത്. ഇംഫാലില്‍ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ ആസാമില്‍ രണ്ടിടത്തു ബിജെപി സര്‍ക്കാര്‍ യാത്രക്കെതിരേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🙏പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഈമാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

🙏രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22 ന് പുതിയ അയോധ്യ വിമാനത്താവളത്തില്‍ 100 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇറങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷ്ഠ നടത്തുന്ന 22 ന് അഞ്ചു ലക്ഷത്തോളം ഭക്തര്‍ അയോധ്യയിലെത്തിയേക്കും.

🙏രാഹുല്‍ഗാന്ധി നയിക്കുന്നതു ‘ഭാരത് തോഡോ അന്യായ യാത്ര’യാണെന്ന് ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ. രാജ്യതാല്‍പര്യത്തിനെതിരായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. രാജ്യം ഭരിക്കാന്‍ അവര്‍ യോഗ്യരല്ലെന്നും നദ്ദ പറഞ്ഞു.

🙏മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയന്‍താരക്കെതിരെയും നെറ്റ്ഫ്ലിക്സിനെതിരെയും കേസ്. അന്ന പൂരണി എന്ന സിനിമയില്‍ ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നെന്ന ഡയലോഗ് മതവികാരം വൃണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചു മധ്യപ്രദേശില്‍ ലഭിച്ച പരാതിയിലാണു കേസ്.

🙏ജമ്മുകാഷ്മീല്‍ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്കു പാക്കിസ്ഥാന്റെ സഹായം ഉണ്ടായിട്ടുണ്ടെന്ന് കരസേന മേധാവി. പൂഞ്ച് മേഖലയിലടക്കം ഭീകര ക്യാമ്പുകള്‍ സജീവമാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും ജനറല്‍ മനോജ് പാണ്ഡെ അറിയിച്ചു. ചൈനീസ് അതിര്‍ത്തിയിലെ പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരുകയാണെന്നും മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സ്ഥിതി ആശങ്ക ജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

🙏കോടതിയുടെ സമയം പാഴാക്കിയതിന് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് 25,000 രൂപ പിഴ ചുമത്തി. ആയുധ നിയമവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വിശദാംശങ്ങള്‍ പഠിക്കാതെ കോടതിയില്‍ ഹാജരായ പ്രോസിക്യൂട്ടര്‍ക്കെതിരേയാണ് പിഴശിക്ഷ. കേസുമായി ബന്ധപ്പെട്ട് പത്തു മിനിറ്റു സംസാരിച്ചശേഷം പഠിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. പത്തു മിനിറ്റു പാഴാക്കിയതിനാണു പിഴ ശിക്ഷ വിധിച്ചത്.

🙏തെലുങ്കാനയില്‍ കാട്ടില്‍ പശുവിനെ കൊന്നു തിന്ന കടുവകള്‍ ചത്ത് വീഴുന്നു. മൂന്നു കടുവകളാണു ചത്തത്. അവയ്ക്കൊപ്പം ചത്ത പശുവിന്റെ മാംസം കഴിച്ച അമ്മ കടുവയേയും മൂന്ന് കുട്ടികളേയും കണ്ടെത്താന്‍ 80 അംഗ വനപാലകസംഘമാണ് തെലങ്കാനയിലെ കാഗസ്നഗര്‍ കാട് അരിച്ച് പെറുക്കുന്നത്. പശുമാംസത്തില്‍ വിഷാംശമുണ്ടെന്നാണു വനംവകുപ്പുകാര്‍ പറയുന്നത്.

🙏ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന വാഹനം അനന്താനാഗില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. മെഹബൂബ മുഫ്തി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനും ഡ്രൈവര്‍ക്കും നേരിയ പരിക്കുണ്ട്.

🇦🇺 അന്തർദേശീയം 🇦🇽

🙏അടുത്ത മാസം 13 ന് അബുദാബിയില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്ക് വന്‍ രജിസ്ട്രേഷനെന്ന് സംഘാടകര്‍. അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ‘അഹ്ലന്‍ മോദി’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ഇരുപതിനായിരത്തിലേറെ പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

🏏 കായികം🏏

🙏അഫ്ഗാനിസ്താനെ
തിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 15 ബോളുകള്‍ ശേഷിക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 60 റണ്‍സെടുക്കുകയും ഒരു വിക്കറ്റെടുക്കുകയും ചെയ്ത ഇന്ത്യയുടെ ശിവം ദുബെ ആണ് കളിയിലെ താരം

Advertisement