സംസ്ഥാന കലോത്സവം… സ്വർണ കപ്പ്‌ കൊല്ലത്ത് എത്തി

കൊല്ലം:
കൗമാര കലോത്സവത്തിന് നാളെ കേളികോട്ട് ഉയരുമ്പോൾ കുട്ടികളുടെ മികവിന്റെ അഭിമാനസാക്ഷ്യമായ സ്വർണ കപ്പ് ഇന്ന് കൊല്ലത്തെത്തി. കോഴിക്കോട് നിന്ന് പ്രയാണമാരംഭിച്ച് വിവിധ ജില്ലകളിലെ ആയിരങ്ങളുടെ കാഴ്ചനിറവായി മാറിയ അംഗീകാരമുദ്രയായ കപ്പ് ജില്ലാതിർത്തിയായ ഏനാത്ത് നിന്നാണ് ഏറ്റുവാങ്ങിയത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എൻ ബാലഗോപാൽ, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി എന്നിവർക്കൊപ്പമാണ് കപ്പ് സ്വീകരിച്ചത്.
അതേസമയം 62 -മത് സംസ്ഥാന സ്‌ക്കൂള്‍ കലോത്സവത്തിന് നാളെ തിരി തെളിയും. ജനുവരി നാലുമുതല്‍ എട്ടുവരെയാണ് കലാമേള നടക്കുക. ഒന്നരപതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. നാലിന് രാവിലെ ഒന്‍പതിന് ആശ്രാമം മൈതാനത്തെ പ്രധാന വേദിക്കരികില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കലോത്സവത്തിന് പതാക ഉയര്‍ത്തും. തുടര്‍ന്ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. പിന്നീട് ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന ചെണ്ടമേളം, മയിലാട്ടം, ശിങ്കാരിമേളം, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. കൂടാതെ അഭിനേത്രിയും നര്‍ത്തകിയുമായ ആശ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരമുണ്ടാകും.

Advertisement