വാർത്താനോട്ടം

2023 ഡിസംബർ 20 ചൊവ്വ

BREAKING NEWS

👉ഇന്നത്തെ കന്യാകുമാരി പുനലൂർ എക്സ്പ്രസ് ട്രയിൻ റദ്ദാക്കിയതായി റയിൽവേ അറിയിച്ചു.

👉സുഹൃത്തായ ഡോ. റുവൈസ് മുഖത്ത് നോക്കി പണം ആവശ്യപ്പെട്ടന്ന് ആത്മഹത്യ ചെയ്ത ഡോ: ഷഹനയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

👉സർവ്വകലാശാലകളിൽ ഗവർണർക്കും മുഖ്യമന്ത്രിക്കുമെതിരെ കെ എസ് യു ബാനറുകൾ

👉അടച്ചിട്ട സെൻ്റ് മേരിസ് ബെസലിക്ക ഈ മാസം 24 ന് തുറന്ന് തിരുപ്പിറവി യുടെ ഭാഗമായ സിനഡ് കുർബ്ബാന അർപ്പിക്കും.

🌴കേരളീയം 🌴

🙏കൊവിഡ് വ്യാപനം നിയന്ത്രിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്. കേരളത്തിലാണ് കോവിഡ് വ്യാപനമുള്ളത്. രോഗവ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം അറിയിക്കും

🙏ക്രിസ്മസിനു റേഷന്‍ മുടങ്ങില്ല. റേഷന്‍ വിതരണത്തിനു സിവില്‍ സപ്ലൈസ് കോര്‍പറേഷന് സംസ്ഥാന സര്‍ക്കാര്‍ 185.64 കോടി രൂപ അനുവദിച്ചു. റേഷന്‍ സാധനങ്ങള്‍ വിതരണത്തിന് എത്തിക്കുന്നതിനുള്ള വാഹന വാടക, കൈകാര്യ ചെലവ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.

🙏തിരുവനന്തപുരത്ത് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ പൊലീസിനു സുരക്ഷ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി. വാഹന വ്യൂഹം കടന്നു പോകാന്‍ സാധ്യതയുള്ള എല്ലാ റൂട്ടിലും പൊലീസ് സുരക്ഷയുണ്ടായിരുന്നു.

🙏അഞ്ചുമാസമായി മുടങ്ങിയ വിധവ പെന്‍ഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ അടിമാലി സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

🙏കൊവിഡ് വ്യാപനം നേരിടാന്‍ ആശുപത്രികളില്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണം.

🙏യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചെന്ന കേസില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോടു വിശദീകരണം തേടി. ഹര്‍ജി ഹൈക്കോടതി ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കും. മൂവാറ്റുപുഴ സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.

🙏കേരള സര്‍വകലാശാല ആസ്ഥാനത്തു ഗവര്‍ണര്‍ക്കെതിരേ എസ് എഫ് ഐ ഉയര്‍ത്തിയ ബാനര്‍ ഉടനടി നീക്കണമെന്നു വൈസ് ചാന്‍സലര്‍ ഡോ. കെ. മോഹനന്‍ രജിസ്ട്രാര്‍ക്കു നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്ന ബാനര്‍ അനുവദിക്കാനാവില്ലെന്നാണ് വി സി നല്‍കിയ ഉത്തരവില്‍ പറയുന്നത്.

🙏ശബരിമലയില്‍ ഭക്തജനത്തിരക്ക്. സന്നിധാനത്തേക്കുള്ള വരി ഇന്നലെ അപ്പാച്ചിമേട് വരെയെത്തി. ഇന്നലെ വൈകുന്നേരത്തോടെ 70000 ഭക്തര്‍ 18-ാം പടി കയറിയെന്നു പൊലീസ് അറിയിച്ചു. അപ്പാച്ചിമേട് മുതല്‍ ബാച്ചുകളായാണ് ഭക്തരെ സന്നിധാനത്തേയ്ക്ക് അയക്കുന്നത്.

🙏സര്‍വകലാശാല സെനറ്റംഗങ്ങളായി യോഗ്യതയുള്ള സംഘപരിവാറുകാരെ നിയമിക്കുകയാണെങ്കില്‍ എതിര്‍ക്കില്ലെന്നു കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സംഘപരിവാര്‍ അനുകൂലികളും ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാല്‍ തന്നെ സംഘപരിനാറുകാരനായി ചാപ്പ കുത്തേണ്ടെന്നും സുധാകരന്‍ പറഞ്ഞു.

🙏പാര്‍ലമെന്റില്‍ ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇത്രയേറെ എം പിമാരെ ഒന്നിച്ച് സസ്പെന്‍ഡ് ചെയ്തത് ജനാധിപത്യ വിരുദ്ധമാണ്. ഏകാധിപത്യത്തിന്റെ ഇരകളാക്കപ്പെട്ടതില്‍ അഭിമാനമേയുള്ളൂ. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

🙏കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നവ കേരള സദസ് നിര്‍ത്തിവയ്ക്കണമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ തീവ്രവ്യാപനശേഷിയുള്ള കൊവിഡ് രോഗം പടര്‍ന്നുപിടിക്കുന്നതു ജനങ്ങള്‍ക്കു ഭീഷണിയാണെന്നും ജോര്‍ജ് പറഞ്ഞു.

🙏കൊല്ലത്ത് നവകേരള സദസ് ബസിനെതിരേ കരിങ്കൊടി കാണിച്ചതിന് ആക്രമിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊടികെട്ടിയ വടികൊണ്ട് അടിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടപ്പാക്കടയില്‍ എത്തിയപ്പോഴാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്.

🙏മലപ്പുറത്ത് ഏറനാട് മണ്ഡലം നവ കേരള സദസിനിടെ യു ട്യൂബറായ നിസാര്‍ കുഴിമണ്ണയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 11 ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റ് സാദില്‍ അടക്കമുള്ളവരാണു പിടിയിലായത്.

🙏കത്തോലിക്കാ സഭ സ്വവര്‍ഗ്ഗ വിവാഹത്തെ അംഗീകരിക്കുന്നില്ലെന്ന് കെസിബിസി. സ്വവര്‍ഗ ലൈംഗിക പങ്കാളികളെ ആശീര്‍വദിക്കാമെന്നു മാര്‍പാപ്പ പറഞ്ഞതു സഭയുടെ തുറന്ന മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അനുമതി നല്‍കിയിട്ടില്ലെന്നു കെസിബിസി വിശദീകരിച്ചു.

🇳🇪 ദേശീയം 🇳🇪

🙏പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തതിനെതിരേ പാര്‍ലമെന്റ് സമ്മേളനം സമാപിക്കുന്ന വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.

🙏കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. ഇന്ത്യ സഖ്യ യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്.

🙏ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ചര്‍ച്ചപോലുമില്ലാതെ പാസാക്കാനാണ് പാര്‍ലമെന്റില്‍നിന്ന് 141 എംപിമാരെ കൂട്ടത്തോടെ സസ്പെന്‍ഡു ചെയ്തതെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ. എംപിമാരെ സസ്പെന്‍ഡു ചെയ്ത് പ്രതിപക്ഷത്തെ ഒഴിവാക്കുന്നതിലൂടെ ജനാധിപത്യത്തെയാണ് മോദി ഇല്ലാതാക്കുന്നതെന്നും ഖര്‍ഗെ പറഞ്ഞു.

🙏ലോക്സഭാ തെരഞ്ഞെടുപ്പിനു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് അഞ്ചംഗ സമിതി രൂപീകരിച്ചു. മുകുള്‍ വാസ്നിക്കാണ് കണ്‍വീനര്‍. രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ സമതി അംഗങ്ങളാണ്.

🙏അടിയന്തിര സാഹചര്യങ്ങളില്‍ ടെലികോം നെറ്റ്വര്‍ക്കുകള്‍ സര്‍ക്കാരിനു താല്ക്കാലികമായി പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന ടെലി കമ്മ്യൂണിക്കേഷന്‍സ് കരട് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു.

🙏ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിലെ ആദ്യ അമ്പതില്‍ ഇന്ത്യയിലെ ഒരു സ്ഥാപനംപോലും ഇല്ലെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഏറ്റവും പാരമ്പര്യമുള്ള വൈജ്ഞാനിക രാജ്യമായിട്ടും ഉന്നത വിദ്യാഭ്യാസത്തില്‍ മികവു നേടാനാകാത്തതു പരിഹരിക്കണം.

🙏തമിഴ്നാട് പ്രളയത്തില്‍ 2000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

🙏ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടതോടൊപ്പം സമുദ്ര ഗതാഗത സുരക്ഷയില്‍ ആശങ്ക അറിയിക്കുകയും ചെയ്തു.

🙏മധ്യപ്രദേശ് നിയമസഭയില്‍നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഛായാചിത്രം നീക്കം ചെയ്തു. പകരം അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. പുതിയ ബിജെപി സര്‍ക്കാര്‍ തിങ്കളാഴ്ച ആദ്യ നിയമസഭാ സമ്മേളനം വിളിച്ചിരിക്കേയാണ് സ്പീക്കറുടെ കസേരക്കു പിന്നില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഉണ്ടായിരുന്ന നെഹ്റുവിന്റെ ഛായാചിത്രം നീക്കിയത്.

🇦🇽 അന്തർദേശീയം 🇦🇺

🙏ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയില്‍ ഇന്ന് അവതരിപ്പിക്കും. അമേരിക്ക വീറ്റോ ചെയ്യുന്നത് ഒഴിവാക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

🏏കായികം🏏

🙏ദക്ഷിണാഫ്രിക്കെതി
രായ ഏകദിന പരമ്പയിലെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 8 വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 46.2 ഓവറില്‍ 211 ന് എല്ലാവരും പുറത്തായി. 62 റണ്‍സെടുത്ത സായ് സുദര്‍ശനും 56 റണ്‍സെടുത്ത കെ.എല്‍.രാഹുലിനും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. മലയാളി താരം സഞ്ജു സാംസണ്‍ 23 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്തായി.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ടോണി ഡി സോര്‍സിയുടെ 119 റണ്‍സിന്റെ മികവില്‍ 45 പന്തുകള്‍ ബാക്കി നില്‍ക്കേ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1 ന് സമനിലയിലായി. നാളത്തെ മൂന്നാമത്തെ മത്സരം പരമ്പര വിജയികളെ നിശ്ചയിക്കും.

🙏20 കോടി 50 ലക്ഷം രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയ ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിന്റെ ഐപിഎല്ലിലെ വിലയേറിയ താരമെന്ന റെക്കോര്‍ഡിന് അധികം ആയുസുണ്ടായില്ല. 24 കോടി 75 ലക്ഷം രൂപക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മറ്റൊരു ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയതോടെയാണ് പാറ്റ് കമ്മിന്‍സിന്റെ റെക്കോര്‍ഡ് തകര്‍ന്നു പോയത്. ന്യൂസീലന്‍ഡ് ഓള്‍ റൗണ്ടര്‍ ഡാരില്‍ മിച്ചലിനെ 14 കോടിക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയത്.

🙏ഐപിഎല്‍ താരലേലത്തില്‍ ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്തവരുടെ കൂട്ടത്തില്‍നിന്ന് ഉത്തര്‍പ്രദേശ് താരം സമീര്‍ റിസ്വിയെ 8 കോടി 40 ലക്ഷം രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. 7 കോടി 40 ലക്ഷം രൂപയ്ക്ക് ഷാരൂഖ് ഖാനെ ഗുജറാത്തും 7 കോടി 20 ലക്ഷം രൂപയ്ക്ക് കുമാര്‍ കുശാഗ്രയെ ഡല്‍ഹി ക്യാപിറ്റല്‍സും വിളിച്ചെടുത്തു.

Advertisement