ശബരിമല ഡ്യൂട്ടിക്കിട്ട KSRTC ഡ്രൈവർ സ്കൂൾ ബസിൽ; വിവിധ കുറ്റങ്ങളിലായി ഡ്രൈവർ, കണ്ടക്ടർമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമൻ, വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രൻ, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി എസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടറായ പി എം മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.

ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിർവഹിക്കാതെ സ്വകാര്യ സ്‌കൂളിന്റെ ബസ് ഓടിക്കാൻ പോകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമനെ സസ്‌പെൻഡ് ചെയ്തത്. ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലാകുകയും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രനെ സസ്‌പെൻഡ് ചെയ്തത്.

മാനുവൽ റാക്ക് ഉപയോഗിച്ച് ബസ്സിൽ സർവീസ് നടത്തവേ ക്രമക്കേട് നടത്തി പണാപഹരണം നടത്തിയതിനാണ് താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണിയെ സസ്‌പെൻഡ് ചെയ്തത്. കൊച്ചുവേളിയിൽ നിന്നും കിഴക്കേകോട്ടയിലേക്ക് സർവീസ് നടത്തവേ നാല് പേരിൽ നിന്നും യാത്രക്കൂലി ഈടാക്കിയതിനു ശേഷം രണ്ടു പേർക്ക് മാത്രം ടിക്കറ്റ് നൽകുകയും രണ്ട് പേർക്ക് ടിക്കറ്റ് നൽകാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്ത കുറ്റത്തിനാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ (നിലവിൽ വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ പാപ്പനംകോട് ) കണ്ടക്ടറായ പി എസ് അഭിലാഷ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്

കോയമ്പത്തൂർ – കോതമംഗലം സർവീസ് നടത്തവേ ബസ്സിൽ 17 യാത്രക്കാർ മാത്രമുണ്ടായിരിക്കെ ഒരു യാത്രക്കാരന് ടിക്കറ്റു നൽകാതിരിക്കുകയും സൗജന്യ യാത്ര അനുവദിക്കുകയും കെ എസ് ആർ ടി സി ക്ക് വരുമാന നഷ്ടമുണ്ടാക്കിയതായി അന്വേഷണത്തിൽ ബോധ്യപെട്ടതിനാലാണ് പാലക്കാട് യൂണിറ്റിലെ പി.എം മുഹമ്മദ് സാലിഹിനെ സസ്‌പെൻഡ് ചെയ്തത്.

Advertisement