ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീട് ആക്രമിച്ചു; ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന് പരാതി

ആലപ്പുഴ: ആലപ്പുഴയിൽ കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം നടന്നു. കൈതവനയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

സിഐടിയു പ്രവ‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വീടിന്റെ രണ്ട് നിലകളിലും ജനൽ ചില്ലുകൾ തകർത്തിട്ടുണ്ട്. തടയാൻ ശ്രമിച്ച ജോബിന്റെ ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളിയിട്ടുവെന്നും ആരോപണമുണ്ട്. കൈതവനക്ക് സമീപമാണ് ജോബിന്റെ വീട്.

കൈതവന ജംഗ്ഷനിൽ മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും – പൊലീസും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ മുഖ്യമന്ത്രിയുടെ വാഹനം കൈതവന ജംഗ്ഷനിലെത്തിയപ്പോഴായിരുന്നു പ്രതിഷേധം. കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് ജീപ്പിന് മുകളിൽ കയറി കൊടി വീശി. ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ കെ‌എസ്‌യു ജില്ലാ പ്രസിഡന്റ് തോമസ്, യൂത്ത് കോൺസംസ്ഥാന സെക്രട്ടറി അജോയ്, ജോയ് എന്നിവരെ സുരക്ഷാ സംഘം തല്ലിയതിൽ പ്രതിഷേധിച്ചായിരുന്നു കൈതവനയിലെ പ്രതിഷേധം. ഇതിന് പിന്നാലെയാണ് കെപിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായത്.

Advertisement