വയനാട്ടിൽ യുവാവിനെ കടുവ കടിച്ചു കൊന്നു ; പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തി

കൽപ്പറ്റ:വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കടുവ ആക്രമിച്ചശേഷം മൃതദേഹം ഉപേക്ഷിച്ചതാണെന്നാണ് സൂചന. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. പാടത്തിന് സമീപത്തായിരുന്നു മൃതദേഹം. ഇവിടെ കടുവയെ കണ്ടതായാണ് നാട്ടുകാർ പറയുന്നത്.

കാലിൻറെ ഭാഗം പൂർണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ തിരിച്ചിട്ടുണ്ട്. ജനവാസ മേഖലയിലാണ് സംഭവം. പാടത്ത് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. ഏറെ വൈകിയിട്ടും വീട്ടിലേക്ക് മടങ്ങിയെത്തിയില്ല. തുടർന്ന് സഹോദരൻ അന്വേഷിച്ചുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.വനാതിർത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളിൽ പലപ്പോഴായി കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. രണ്ടുമാസം മുമ്പ് തോട്ടം തൊഴിലാളികൾക്കുനേരെ കടുവയുടെ ആക്രമണ ശ്രമം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Advertisement