അവധി വിവരം ‘ചോർത്തി’; കലാപത്തിന് കൊടി സുനിയും സംഘവും ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥർ ഇല്ലാത്ത ദിവസം

തൃശൂർ: അതിസുരക്ഷാ ജയിലിൽ കലാപത്തിനായി തടവുകാർ ‘തിരഞ്ഞെടുത്തത്’ മുതിർന്ന ഉദ്യോഗസ്ഥരാരും ഡ്യൂട്ടിയിലില്ലാത്ത ദിവസം. കലാപം നടന്ന 5 ന് അതിസുരക്ഷാ ജയിലിൽ സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടും അവധിയിലായിരുന്നു. സമീപത്തെ സെൻട്രൽ ജയിലിലെ സൂപ്രണ്ട്, ഇതേ വളപ്പിലെ ഓഫിസിൽ ജോലി ചെയ്യുന്ന മധ്യമേഖലാ ഡിഐജി എന്നിവരും അവധിയിലായിരുന്നു. ഈ വിവരങ്ങളെല്ലാം തടവുകാർക്കു കൃത്യമായി ലഭിച്ചിരുന്നുവെന്നതു വലിയ ഗൂഢാലോചനയിലേക്കു വിരൽചൂണ്ടുന്നു.

എന്നാൽ, സംഭവത്തിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കാതിരിക്കാൻ ജയിൽ വകുപ്പിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്. ഡിഐജിയുടെ പ്രാഥമിക അന്വേഷണം നടന്നെന്നും ഇതു മതിയാകുമെന്നുമാണു ജയിൽ വകുപ്പു നേതൃത്വത്തിനു ലഭിക്കുന്ന നിർദേശം. അതിസുരക്ഷാ ജയിലിൽ നിന്നു തന്നെ മാറ്റണമെന്ന വർഷങ്ങളായുള്ള ആവശ്യം നിരസിക്കപ്പെട്ടതു കൊടി സുനിയെ അസ്വസ്ഥനാക്കിയിരുന്നു. സുനിയുടെ രോഷം ശമിപ്പിക്കാനും ജയിൽമാറ്റാനുമായി ആസൂത്രണം ചെയ്യപ്പെട്ട നാടകമായിരുന്നു കലാപം എന്നാണു സൂചന.

Advertisement