കേരളീയംലോകോത്തര ബ്രാൻ്റായി മാറും;വിശ്വസംസ്ക്കാരത്തിൻ്റെ മിനിയേച്ചർ ഇവിടെയുണ്ട്,അരനൂറ്റാണ്ട് കൊണ്ട് നമ്മൾ ഒരു നൂറ്റാണ്ടിൻ്റെ ദൂരം ഓടി തീർത്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം ∙ ഒരാഴ്ച നീളുന്ന ‘കേരളീയം’ പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. എല്ലാവർഷവും കേരളീയം സംഘടിപ്പിക്കുമെന്നും കേരളീയം ലോകോത്തര ബ്രാൻഡായി മാറ്റുമെന്നും പിണറായി വിജയൻ പറഞ്ഞു. 
‘‘ആർക്കും പിന്നിലല്ല, പലകാര്യത്തിലും മുന്നലാണെന്നുള്ള പതാക ഉയർത്താൻ കേരളീയത്തിന് കഴിയണം. നേട്ടങ്ങൾ കൈവരിക്കാൻ അപാരമായ സിദ്ധികൾ നമുക്കുണ്ട്. ഭൂപരിഷ്കരണം മുതൽ ജനകീയവത്കരണം വരെ മാതൃകകൾ സൃഷ്ടിച്ചു. എന്നാൽ ഈ നേട്ടങ്ങൾ അവ അർഹിക്കുന്ന വിധം ലോകം തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരത്തിന്റെ മുഖമുദ്രയുള്ള പരിപാടിയായി കേരളീയം മാറും. വിദേശ മാതൃകകൾ അനുകരിച്ച് കേരളീയത്തെ ലോകോത്തര ബ്രാൻഡായി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പലയിടങ്ങളിൽ പോയി തേൻ സംഭരിക്കുന്ന തേനീച്ചകളെപ്പോലെയാണ് മലയാളികൾ. പലയിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന അറിവുകളാൽ നമ്മൾ നമ്മളെ ശക്തിപ്പെടുത്തുന്നു. നമ്മുടെ നവോത്ഥാനം മറ്റ് ഇന്ത്യൻ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. അത് സ്വാതന്ത്ര്യ സമരവുമായി ചേർന്നു നിന്നു. അര നൂറ്റാണ്ട് കൊണ്ട് നമ്മൾ ഒരു നൂറ്റാണ്ടി ന്റെ ദൂരം ഓടിത്തീർത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.     

ചവിട്ടി താഴ്ത്തപ്പെട്ടവരെ വരവേൽക്കുന്ന സങ്കൽപമാണ് കേരളീയത്തിന്റേത്. മലയ്ക്കും അലയ്ക്കും ഇടയിലുള്ള ഹരിതാഭ, വൈവിധ്യമാർന്ന ഭക്ഷണ രീതികൾ, നാട്ടുഭാഷാ രീതികൾ അങ്ങനെ വിവിധങ്ങളായവയുടെ സംഗമം കേരളത്തിലുണ്ട്. ഇതെല്ലാം കേരളത്തിന്റെ നാലതിരുകളിൽ മാത്രം ഒതുങ്ങിനിന്നാൽ മതിയോ. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ വാളും തീയുമായി നിൽക്കുമ്പോൾ നാം ഇവിടെ രൂപപ്പെടുത്തിയ മാതൃക അവർക്ക് പിന്തുടരാവുന്നതല്ലെ. വിശ്വസംസ്കാരത്തിന്റെ മിനിയേച്ചർ ഇവിടെയുണ്ടെന്ന് വിളിച്ചു പറയാൻ സാധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ കേരളീയം ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു.
മന്ത്രിമാർ, ചലച്ചിത്ര താരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, വ്യവസായ പ്രമുഖരായ എം.എ.യൂസഫലി, രവി പിള്ള തുടങ്ങിയവർ പങ്കെടുത്തു.കേരളം ഇതുവരെ കൈവരിച്ച പുരോഗതി ലോകത്തോടു വിളിച്ചു പറയുക എന്ന ലക്ഷ്യത്തോടെയാണ് കേരളീയം പരിപാടി സംഘടിപ്പിക്കുന്നത്. 
തലസ്ഥാനത്തെ 42 വേദികളിലായി നടക്കുന്ന കേരളീയത്തിൽ ഭാവി കേരളത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന സെമിനാറുകൾ, പ്രദർശനങ്ങൾ, ബിസിനസ് മീറ്റുകൾ, ട്രേഡ് ഫെയർ, ഭക്ഷ്യമേള,
ചലച്ചിത്രമേള, കലാപരിപാടികൾ എന്നിവയും അരങ്ങേറും.

Advertisement