സമത്വത്തിന്റെ പുതുലോകം നിർമിക്കാനുള്ള ചുവടുവെപ്പായി വിഷു ആഘോഷം മാറട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:
നമ്മുടെ കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ വിഷുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷു നമ്മുടെ സമ്പന്നമായ കാർഷിക പാരമ്പര്യത്തിന്റെ ആഘോഷവും അടയാളപ്പെടുത്തലുമാണ്. സമ്പൽസമൃദ്ധവും സംതൃപ്തി നിറഞ്ഞതുമായ ഒരു നല്ല നാളേക്ക് വേണ്ടിയുള്ള പ്രതീക്ഷകളാണ് വിഷു ആഘോഷങ്ങളുടെ കാതൽ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹ്യജീവിതത്തിൽ കർഷകനെയും കാർഷികവൃത്തിയെയും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്നു എന്നതുതന്നെയാണ് ഇതര ഉത്സവങ്ങളിൽ നിന്ന് ഇതിനെ വേറിട്ടുനിർത്തുന്നത്. നമ്മുടെ കാർഷിക സംസ്‌കാരം തിരിച്ചുപിടിക്കാനും സമ്പുഷ്ടമാക്കാനുമുള്ള ഓർമ്മപ്പെടുത്തലാവട്ടെ ഈ വർഷത്തെ വിഷു.

തുല്യതയുടേതായ വേളയായിക്കൂടിയാണു പഴമക്കാർ വിഷുവിനെ കാണുന്നത്. ജാതി, മത ഭേദങ്ങളില്ലാത്ത മനുഷ്യമനസ്സുകളുടെ സമത്വത്തെ ഉയർത്തിയെടുക്കുന്നതിനു പ്രചോദനം നൽകും അത്.

നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ പ്രതിലോമ ശക്തികൾ ഗൂഢമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ഈ അപകടത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇരുളിനു മേലുള്ള വെളിച്ചത്തിന്റെ വിജയമായും വിഷുവിനെ ഐതിഹ്യങ്ങൾ കാണുന്നുണ്ട്.

Advertisement