‘കാൻസറിനെ കീഴടക്കിയിട്ടേയുള്ളു കാര്യം, ശസ്ത്രക്രിയ കഴിഞ്ഞു’; വിഡിയോ പങ്കുവച്ച് നിഷ ജോസ്

തനിക്ക് അർബുദ രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമായെന്നും വ്യക്തമാക്കി ജോസ് കെ.മാണിയുടെ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ നിഷ ജോസ്. സമൂഹ മാധ്യമത്തിലൂടെയാണ് രോഗവിവരത്തെ സംബന്ധിച്ച് നിഷ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നെന്നും മാമോഗ്രാം വഴിയാണ് രോഗം കണ്ടെത്തിയതെന്നും നിഷ പറഞ്ഞു.

‘ജൂൺ 19, 2013; ഞാനൊരു ഹെയർ ഡൊണേഷൻ വിഗ് ഡൊണേഷൻ മൂവ്മെന്റ് തുടങ്ങിയ ദിവസമാണ്. അതിന് ശേഷം ഒത്തിരി രോഗികളെ കണ്ടു, അവരെ സഹായിച്ചു. കൂടാതെ കാൻസർ അവയർനെസ് ക്യാമ്പുകൾ നടത്താൻ പറ്റി. സെൽഫ് എക്സാമിനേഷന്റെയും മാമോഗ്രാമിന്റെയും ആവശ്യകത ആളുകളെ മനസ്സിലാക്കി കൊടുക്കാറുണ്ട്’. നിഷ പറഞ്ഞു.

എല്ലാ വർഷം മാമോഗ്രാം ചെയ്യാറുണ്ടെന്നും കഴിഞ്ഞ മാസം മാമോഗ്രാം ചെയ്തപ്പോഴാണ് അർബുദമാണെന്ന് മനസ്സിലായതെന്നും നിഷ പറഞ്ഞു. സർജറി ചെയ്തെന്നും തനിക്ക് യാതൊരു വിധത്തിലുള്ള രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും നിഷ വിഡിയോയിൽ വ്യക്തമാക്കി.
‘എനിക്ക് രണ്ട് ഭാഗ്യമാണ് ഉള്ളത്. ഒന്ന് കുടുംബത്തിന്റെ സപ്പോർട്ട്. ജോസ് എല്ലാ സമയത്തും എന്റെ കൂടെ ഉണ്ടായിരുന്നു. കുടുംബാംഗങ്ങളും ഒപ്പം നിന്നു. പിന്നെ എന്റെ ഉള്ളിലുള്ള സ്ട്രെങ്ത്ത്. എത്രയോ രോഗികളെ കാണുന്നുണ്ട്. ആ ഒരു സ്ട്രെങ്ത്ത് ദൈവം തന്നതുകൊണ്ട് കാൻസറിനെ കീഴടക്കിയിട്ടേ ഉള്ളു കാര്യം ഇനി’. നിഷ കൂട്ടിച്ചേർത്തു.

ഒരു എക്സ് റേ ഉപയോഗിച്ച് സ്തനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ നോക്കുന്നതിനെയാണ് മാമോഗ്രാം എന്നു പറയുന്നത്. പല വികസിത രാജ്യങ്ങളിലും ഒരു റുട്ടീൻ സ്ക്രീനിങ് പ്രോഗ്രാം ആയി മാമോഗ്രാം ഉണ്ട്. തത്‌ഫലമായി വളരെ നേരത്തേതന്നെ സ്തനാർബുദം കണ്ടെത്താൻ സാധിക്കും. 40-45 വയസ്സിനു ശേഷമാണ് സാധാരണയായി ഇതു ചെയ്തു തുടങ്ങുന്നത്. കാരണം അതിനു മുൻപുള്ള കാലഘട്ടത്തിൽ സ്തനത്തിന്റെ ഡെൻസിറ്റി വളരെ കൂടുതലാവുകയും അത് മൂലം എക്സ് -റേ ഉപയോഗിച്ചുള്ള മാമോഗ്രാം പരിശോധനയും ഒരു പക്ഷേ കാൻസർ മുഴകൾ നമുക്ക് കണ്ടു പിടിക്കാൻ സാധിക്കാതെ വരികയും ചെയ്യും.

40 -45 വയസ്സിനു ശേഷം വർഷത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാമോഗ്രാം ചെയ്യണം. ഇതിൽ നിന്നുതന്നെ നമുക്ക് പുറമെ സ്പർശിച്ചു നോക്കി മുഴയാകുന്നതിനു മുൻപേ ബ്രെസ്റ്റ് കാൻസർ മാമോഗ്രാം ഉപയോഗിച്ച് കണ്ടുപിടിക്കാൻ സാധിക്കും.

Advertisement