മലയാളി സാമൂഹിക പ്രവർത്തകൻ ദുബായിൽ അന്തരിച്ചു

ദുബായ്: ദുബായിലെ സാമൂഹിക പ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായ മലയാളി യുവാവ് അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ എടത്വ സ്വദേശിയും ദുബായിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറുമായ ജിറ്റു ഏബ്രഹാം(39) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 10.30ന് ദുബായിൽ വീട്ടിൽ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അക്കാഫ് അസോസിയേഷൻ, കേരള എൻജിനീയറിങ് കോളജ് അലുംനി (കേര), കോതമംഗലം മാർ അത്തനേഷ്യസ് കോളജ് അലുംനി എന്നിവയിൽ സജീവമായി പ്രവർത്തിച്ചിരുന്ന ജിറ്റു കോവിഡ് കാലത്ത് മുന്നണിപ്പോരാളിയായിരുന്നു.

ഈ കാലയളവിലെ സേവനത്തിന് ദുബായ് സർക്കാരിന്‍റെ ആദരവും ലഭിച്ചിട്ടുണ്ട്.

പരേതനായ മുണ്ടകത്തിൽ വർഗീസ്–വത്സമ്മ ദമ്പതികളുടെ മകനാണ്. 

സ്വകാര്യ കമ്പനിയിൽ കംപ്യുട്ടർ എൻജിനീയറായ അനില ഏബ്രഹാമാണ് ഭാര്യ.

മകൻ: അബ്രഹാം വർഗീസ്.

ഇന്നലെ ഉച്ചയ്ക്ക് ശേഷം മുഹൈസിന മെഡിക്കൽ ഫിറ്റ്നസ് സെന്‍ററിൽ നടന്ന എംബാമിങ്ങിനും തുടർന്ന് പ്രാർഥനയ്ക്കും ഒട്ടേറെ പേർ സംബന്ധിച്ചു.

സംസ്കാരം നാളെ (30-10-2023-തിങ്കൾ) ഉച്ചയ്ക്ക് 02:00-ന് എടത്വ ആനപ്രാമ്പാൽ സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

Advertisement