തിരുവനന്തപുരത്ത് 21 ക്യാംപുകൾ തുറന്നു, 17 വീട് തകർന്നു; തിങ്കളാഴ്ച വിദ്യാഭ്യാസ അവധി

തിരുവനന്തപുരം:ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ 21 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 875 പേരെ ക്യാംപുകളിൽ മാറ്റിപാർപ്പിച്ചു. 6 വീടുകൾ പൂർണമായും 11 വീടുകൾ ഭാഗികമായും തകർന്നു. മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.

തിരുവനന്തപുരം താലൂക്കിലാണ് കൂടുതൽ ക്യാംപുകൾ തുറന്നത്. 16 ക്യാംപുകളിലായി 580 പേരാണുള്ളത്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാംപുകളിലായി 249 പേരും വർക്കല താലൂക്കിൽ ഒരു ക്യാംപിൽ 46 പേരെയും മാറ്റിപാർപ്പിച്ചു. തിരുവനന്തപുരം താലൂക്കിലെ കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാംപുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എൽപിഎസ് , കരിക്കകം ഗവ. എച്ച്എസ്, വേളി യൂത്ത് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

പട്ടം വില്ലേജിൽ കേദാരം ലൈൻ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ 56 പേരും തേക്കുംമൂട് താൽക്കാലിക ക്യാംപിൽ 260 പേരും, കുന്നുകുഴി ഗവ. എൽപിഎസിൽ 26 പേരെയും മാറ്റി പാർപ്പിച്ചു. മേക്കേപ്പട്ടം ഗവ. എൽപിഎസിലും ക്യാംപ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. ആറ്റിപ്ര വില്ലേജിൽ കാട്ടിൽ എൽപിഎസിൽ 10 പേരെയും പൗണ്ട്കടവ് മോസ്‌കിൽ 38 പേരെയും മാറ്റി പാർപ്പിച്ചു. കല്ലിയൂർ വില്ലേജിൽ പൂങ്കുളം സ്‌കൂളിൽ 18 കുടുംബങ്ങളിലെ 40 പേരും വെള്ളായണി എംഎൻഎൽപിഎസിൽ 40 പേരും ക്യാംപിലുണ്ട്.

തിരുവല്ലം വില്ലേജിൽ പാച്ചല്ലൂർ ഗവ. എൽപിഎസിൽ 6 പേരെ മാറ്റി പാർപ്പിച്ചു. പള്ളിപ്പുറം വില്ലേജിൽ ആലുംമൂട് എൽപിഎസിൽ 14 കുടുംബങ്ങളിൽ നിന്നായി 46 പേരുണ്ട്. കരിച്ചാൽ സ്‌കൂളിൽ ക്യാംപ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ 22 പേരെ മാറ്റി പാർപ്പിച്ചു. പേട്ട വില്ലേജിൽ ഈഞ്ചക്കൽ ഗവ. യുപിഎസിലും ക്യാംപ് തുറന്നു.

ചിറയിൻകീഴ് താലൂക്കിലെ ആറ്റിങ്ങൽ വില്ലേജിൽ മുല്ലേശ്ശേരി എൽപിഎസിൽ നാല് കുടുംബങ്ങളിലായി 15 പേരാണ് ക്യാംപിലുള്ളത്. കിഴുവില്ലം വില്ലേജിൽ പുറവൂർ എസ്‌വി യുപിഎസിൽ ആറ് കുടുംബങ്ങളിലെ 28 പേരാണുള്ളത്. പടനിലം എൽപിഎസിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേർ ക്യാംപിലുണ്ട്. ചിറയിൻകീഴ് വില്ലേജിൽ ശാർക്കര യുപിഎസിൽ 41 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വർക്കല താലൂക്കിലെ ഇടവ വില്ലേജിൽ വെൺകുളം ഗവ. എൽപിഎസിൽ ഒൻപത് കുടുംബങ്ങളിലായി 46 പേരെ മാറ്റിപാർപ്പിച്ചു.

മഴയെ തുടർന്ന് തിരുവനന്തപുരം ടെക്നോപാർക്കിൽ വെള്ളം കയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി. ടെക്നോപാർക്ക് ഫെയ്സ്–3നു സമീപം തെറ്റിയാർ കരകവിഞ്ഞു. കരമനയാറിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പേട്ട, കഴക്കൂട്ടം, കേശവദാസപുരം, ഉള്ളൂർ തുടങ്ങിയ സെക്‌ഷനുകളുടെ പരിധിയിലെ 16ലേറെ ട്രാൻസ്ഫോമറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

കണ്ണമ്മൂല, അഞ്ചുതെങ്ങ്, പുത്തൻപാലം, കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. 45പേരെ ക്യാംപിലേക്കു മാറ്റി. പോത്തൻകോട് കല്ലുവിളയിൽ മതിലിടിഞ്ഞു വീണ് യുവാവിനു പരുക്കേറ്റു. ശ്രീകാര്യത്തു വീടിനു മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. പുല്ലൻപാറയിൽ മണ്ണിടിച്ചിലുണ്ടായി. നെയ്യാറ്റിൻ കരയിൽ മരംവീണു. ബാലരാമപുരം–നെയ്യാറ്റിൻകര ഹൈവേ, നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലും വെള്ളം കയറി.

മഴ തുടരുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 80 സെ.മീ. ഉയർത്തി. വലിയ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണം. അടിയന്തര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫിസിൽ പ്രവേശിക്കാൻ ജില്ലാകലക്ടർ നിർദേശം നൽകി. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും തഹസിൽദാർമാർക്ക് നിർദേശം നൽകി. താലൂക്ക് കൺട്രോൾ റൂമുകൾ പൂർണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ജില്ലാകലക്ടർ വ്യക്തമാക്കി.

കനത്ത മഴയെ തുടർന്നു തെറ്റിയാർ തോട്ടിൽനിന്നും കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷനിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി സബ്സ്റ്റേഷനിൽനിന്നുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഓഫ് ചെയ്തു. ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്യുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്‌ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. മറ്റു മാർഗ്ഗങ്ങളിലൂടെ ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുന്നു.

വെള്ളം ഉയരുന്നതിനാൽ കഴക്കൂട്ടം 110 കെ.വി. സബ്സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി നിർത്തിവയ്‌ക്കേണ്ടി വന്നേക്കും. അത്തരം സാഹചര്യത്തിൽ കഴക്കുട്ടം, കാര്യവട്ടം, പാങ്ങപ്പാറ, ശ്രീകാര്യം തുടങ്ങിയ പ്രദേശങ്ങളിലാകെ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങാനിടയുണ്ട്. കഴക്കൂട്ടം സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ,വേളി എന്നീ സബ്സ്റ്റേഷനുകളുടെ പ്രവർത്തനവും തടസ്സപ്പെട്ടേക്കാം.
താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ

തിരുവനന്തപുരം താലൂക്ക്​
0471 2462006
9497711282

നെയ്യാറ്റിൻകര താലൂക്ക്
0471 2222227
9497711283

കാട്ടാക്കട താലൂക്ക്
0471 2291414
9497711284

നെടുമങ്ങാട് താലൂക്ക്
0472 2802424
9497711285

വർക്കല താലൂക്ക്
0470 2613222
9497711286

ചിറയിൻകീഴ് താലൂക്ക്
0470 2622406
9497711284

അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2348.80 അടിയായി. കൊച്ചിയിൽ മഴയെ തുടർന്ന് കലൂർ, എംജി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എറണാകുളത്ത് അഞ്ച് ദിവസം യെലോ അലർട്ട് മുന്നറിയിപ്പ് നൽകി.
തലസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങൾ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു. ‌

Advertisement