യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രം സ്റ്റേഷനിൽ നിന്ന് കടത്തി; ക്വാറി ഉടമയുടെ മകനുൾപ്പെടെ അറസ്റ്റിൽ

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി. ‌യുവാവിന്റെ മരണത്തിനിടയാക്കിയ മണ്ണുമാന്തി യന്ത്രമാണ് കടത്തിയത്. കോഴിക്കോട് മുക്കത്ത് ഇന്നലെ പുലർച്ചെയാണ് സംഭവം. പകരം മറ്റൊരു മണ്ണുമാന്തി യന്ത്രം സ്ഥലത്ത് കൊണ്ടിട്ടു. മുക്കത്തെ കരിങ്കൽ ക്വാറി ഉടമയുടെ മകനുൾപ്പെടെ ആറു പേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു.

സെപ്റ്റംബർ 19ന് തോട്ടുമുക്കം സ്വദേശി സുധീഷ് മണ്ണുമാന്ത്രി യന്ത്രം ഇടിച്ച് മരിച്ചിരുന്നു. അപകടത്തിനു പിന്നാലെ വാഹനത്തിന്റെ ഡ്രൈവർ ഒളിവിൽ പോയി. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ആറംഗ സംഘമാണ് വാഹനം കടത്തിക്കൊണ്ടുപോയത്. പകരം മറ്റൊരു വാഹനവും സ്ഥലത്ത് കൊണ്ടിട്ടു.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. യുവാവിനെ ഇടിച്ച വാഹനത്തിന് നമ്പർ പ്ലേറ്റോ ഇൻഷുറൻസോ മറ്റു രേഖകളോ ഉണ്ടായിരുന്നില്ല. കേസിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടതെന്നാണ് വിവരം. കടത്തിക്കൊണ്ടു പോയ വാഹനം പുന്നയ്ക്കലിൽ നിന്ന് പൊലീസ് കണ്ടെടുത്തു. രണ്ടു വാഹനങ്ങളും നിലവിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.

Advertisement