ജീവനക്കാർക്ക് ഡപ്യൂട്ടേഷൻ അവസരവുമായി കെഎസ്ആർടിസി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ വീർപ്പുമുട്ടുന്ന കോർപ്പറേഷനിൽ നിന്നും രക്ഷപെടാൻ ജീവനക്കാർക്ക് അവസരവുമായി കെഎസ്ആർടിസി. ജീവനക്കാർക്കു താൽപ്പര്യമുണ്ടെങ്കിൽ ഇനി മറ്റ് വകുപ്പുകളിലേക്കു മാറാം. മറ്റു സർക്കാർ വകുപ്പുകളിലേക്കും വിവിധ കോർപറേഷനുകളിലേക്കും ജീവനക്കാരെ ഡെപ്യൂട്ടേഷൻ നൽകി മാറ്റാൻ തീരുമാനിച്ച് കോർപ്പറേഷൻ ഉത്തരവിറക്കി. ജീവനക്കാരുടെ എണ്ണം കുറയുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും സ്ഥിരം ജീവനക്കാരുടെ ഒഴിവിലേക്ക് താൽക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുമാണു നീക്കം. സ്ഥിരം ജീവനക്കാരെ ഒഴിവാക്കാനായി നിർബന്ധിത വിആർഎസ് എടുപ്പിക്കാൻ നീക്കം നടന്നെങ്കിലും യൂനിയനുകളുടെ എതിർപ്പുകൾ കാരണം നടപ്പാക്കാനായില്ല. പകുതി ശമ്പളം നൽകി ദീർഘകാല അവധി നൽകുന്ന ഫർലോ ലീവ് പദ്ധതി നടപ്പാക്കിയെങ്കിലും ശമ്പള ബാധ്യത ഒഴിവാകാത്തതിനാൽ പിൻവലിച്ചു. ഒടുവിലാണ് ഡെപ്യൂട്ടേഷൻ നൽകി ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനം.

കെഎസ്ആർടിസിയിലെ നിരവധി ജീവനക്കാർ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതിന് താൽപ്പര്യം അറിയിച്ച് അപേക്ഷകൾ സമർപ്പിക്കുന്നുണ്ട്. ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിൽ ഒഴിവുള്ള വിവിധ വകുപ്പുകളുടെ നോട്ടിഫിക്കേഷൻ അടക്കം അപേക്ഷ സമർപ്പിക്കാം. അർഹത പരിശോധിച്ച് അനുമതി നൽകാനാണ് കെഎസ്ആർടിസി തീരുമാനം. ജോലി ചെയ്യുന്ന ഓഫിസുകളിലെ അധികാരികൾക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകൾ സാക്ഷ്യപ്പെടുത്തി ജില്ലാ അധികാരികൾക്ക് കൈമാറണം. ജില്ലാ അധികാരികൾ പരിശോധിച്ച് ഈ മാസം 13നകം ചീഫ് ഓഫിസിന് കൈമാറണമെന്നും എക്‌സിക്യൂട്ടിവ് ഡയറക്റ്ററുടെ ഉത്തരവിൽ പറയുന്നു. ബെവ്റിജസ് കോർപറേഷനിൽ ഡെപ്യൂട്ടേഷനിലുള്ള ഒഴിവും കെഎസ്ആർടിസി തന്നെ ഇറക്കിയ ഉത്തരവിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 26,000 ഓളം സ്ഥിരം ജീവനക്കാരാണ് കോർപറേഷനിലുള്ളത്. സ്ഥിരം ജീവനക്കാരെ കുറയ്ക്കുന്നതിലൂടെ ശമ്പള -ആനുകൂല്യങ്ങളിലെ ബാധ്യത കുറക്കാനായാണ് കോർപറേഷന്‍റെ നീക്കം. ശമ്പളച്ചെലവ് 83 കോടി രൂപയിൽനിന്ന് 50 കോടി രൂപയായി കുറയ്ക്കാനായേക്കുമെന്നാണു പ്രതീക്ഷ.

ഡെപ്യൂട്ടേഷൻ നിയമനത്തിൽ ഇതുവരെ അപേക്ഷിച്ചത് രണ്ടായിരത്തിലേറെ പേരാണ്. ഗഡുക്കളായുള്ള ശമ്പളത്തിൽ നിന്നു വിടുതൽ ലഭിക്കുമെന്ന ആശ്വാസം ജീവനക്കാർ പങ്കുവെക്കുന്നു. കെഎസ്ആർടിസിയിൽ ഡെപ്യൂട്ടേഷൻ നൽകാൻ നേരത്തെ നീക്കം നടന്നെങ്കിലും ജീവനക്കാരിൽ അപേക്ഷ സ്വീകരിച്ച ശേഷം അവസാനഘട്ടത്തിൽ, ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി സിഎംഡിയായിരുന്ന ബിജു പ്രഭാകർ ഉത്തരവ് പിൻവലിച്ചു. 263 പേരുടെ ഒഴിവാണ് ബെവ്റിജസ് കോർപറേഷനിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബോണസിലെ വർധനവ് കാരണം നേരത്തേ കോർപറേഷനിലേക്കു ഡെപ്യൂട്ടേഷനിൽ വരുന്നവരുടെ എണ്ണം കൂടുതലായിരുന്നു.

എന്നാൽ, ഡെപ്യൂട്ടേഷനിൽ വരുന്നവർക്കു ബോണസ്, സർക്കാർ നൽകുന്ന ബോണസ് തന്നെ നൽകിയാൽ മതിയെന്ന വ്യവസ്ഥ വന്നതോടെ ഇത്തരത്തിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവു വരുന്നുണ്ട്. ഒഴിവുകളിൽ സൂപ്പർ ന്യൂമററി വിഭാഗത്തിലെ ജീവനക്കാരിൽ നിന്നുള്ള അപേക്ഷകരുണ്ടെങ്കിൽ അവർക്കാണ് മുൻഗണന. ഇതിനു ശേഷം മാത്രമെ കെഎസ്ആർടിസി ജീവനക്കാർക്ക് പരിഗണന ലഭിക്കൂ.

Advertisement