‘നുണയെന്ന് ബോധ്യപെട്ടാൽ മാപ്പു പറയണം, നിയമ നടപടി സ്വീകരിക്കേണ്ടി വരും’; ഫാത്തിമ തഹ്ലിയക്കെതിരെ അഡ്വ. ഷുക്കൂർ

കണ്ണൂർ: എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡൻറ് ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനവുമായി സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂർ. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ. സി ഷുക്കൂർ വ്യക്തമാക്കി. മുസ്ലിം ലീഗിലെ സ്ത്രീപ്രാതിനിധ്യത്തെക്കുറിച്ച് ഷുക്കൂർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇത് വസ്തുതാ വിരുദ്ധമാണെന്ന് ഷുക്കൂർ പറഞ്ഞു.

ഞാൻ ലീഗിനെ കുറിച്ചു നിങ്ങൾ പോസ്റ്റിൽ പറയുന്നതു പോലെ എവിടെ എപ്പോൾ പറഞ്ഞെന്ന് വ്യക്തമാക്കണം. ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ ഫാക്ട് ചെക്ക് ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ഇല്ലേ ? പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാൽ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും- സി. ഷുക്കൂർ ഫേസ്ബുക്കിൽ വ്യക്തമാക്കി.

അഡ്വ. സി ഷുക്കൂറിൻറെ ഫേസ്ബുക്ക് പോസ്റ്റ്

സഹോദരി ,
നിങ്ങൾ എന്നെ വ്യക്തി പരമായി അധിക്ഷേപിച്ചു എഴുതിയ പോസ്റ്റ് കണ്ടു. ഞാൻ ലീഗിനെ കുറിച്ചു നിങ്ങൾ പോസ്റ്റിൽ പറയുന്നതു പോലെ പറഞ്ഞതു എവിടെ ? എപ്പോൾ? ആയതിന്റെ വിഡിയോ ഒന്നു അയച്ചു തരുമോ ? അല്ല , നിങ്ങളുടെ ഒട്ടു മിക്ക പോസ്റ്റുകളും പച്ച നുണകളാണെന്നു പലരും പറയാറുണ്ട് , എന്നാലും ഒരു വ്യക്തിയെ ക്വാട്ട് ചെയ്യുമ്പോൾ fact check ചെയ്യുവാനുള്ള ബാധ്യത ഒരു അഭിഭാഷക എന്ന നിലയിൽ നിങ്ങൾക്ക് ഇല്ലേ ? 24 മണിക്കൂറിനകം തന്നാൽ മതി.
സ്നേഹം, ഷുക്കൂർ വക്കീൽ.

NB: പറഞ്ഞത് നുണയാണെന്നു ബോധ്യപെട്ടാൽ പോസ്റ്റ് പിൻവലിച്ചു മാപ്പു പറയണം അല്ലാത്ത പക്ഷം എനിക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും എന്നു കൂടി അറിയിക്കട്ടെ.

ഫാത്തിമ തെഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

അധികാരസ്ഥാനത്ത് ഏതെങ്കിലും സ്ത്രീയെ മുസ്‌ലിം ലീഗ് ഇരുത്തിയോ എന്നാണ് ശുക്കൂർ വക്കീലിന് അറിയേണ്ടത്. സ്വന്തം വീട്ടിലേക്ക് തന്നെ ഒന്ന് എത്തി നോക്കിയാൽ തീരാവുന്ന ഈ സംശയമാണ് അദ്ദേഹം പക്ഷേ ചാനൽ വഴി നാട്ടുകാരോട് മൊത്തം ചോദിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയെ എം.ജി യൂണിവേഴ്സിറ്റിയുടെ പ്രോ-വൈസ് ചാൻസിലറായി അഞ്ച് വർഷം ഇരുത്തിയത് മുസ്‌ലിം ലീഗാണെന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല.

കാസർഗോട്ടെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായി ശുക്കൂർ വക്കീലിനെ നിയമിച്ചതും മുസ്‌ലിം ലീഗായിരുന്നു. ലീഗിൽ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം പറ്റിയ ശേഷം പുതിയ മേച്ചിൽപുറങ്ങൾ തേടി അലയുന്ന ശുക്കൂർ വക്കീലിനെ ഭാഗ്യം തുണക്കട്ടെ! അദ്ദേഹത്തിന്റെ ഭാഗ്യാന്വേഷണങ്ങൾ വൃഥാവിലാകാതിരിക്കട്ടെ!

Advertisement