കോയമ്പത്തൂർ ജയിലിലെത്തി എന്നെ കണ്ട ഉമ്മൻചാണ്ടി’, നീതിക്ക് വേണ്ടി നടത്തിയ ഇടപെടലുകൾ വിവരിച്ച് മഅദ്നി

ബെംഗളുരു: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി പി ഡി പി നേതാവ് അബ്ദുൾ നാസർ മഅദ്നി. കോയമ്പത്തൂർ ജയിലിൽ തന്നെ വന്ന് കണ്ട ഉമ്മൻചാണ്ടി, തനിക്ക് നീതി കിട്ടാനായി നടത്തിയ ഇടപെടലുകൾ അടക്കം വിവരിച്ചുകൊണ്ടാണ് മഅദ്നി രംഗത്തെത്തിയത്. ഭരണ – പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ലെന്നാണ് ഉമ്മൻചാണ്ടിയെക്കുറിച്ച് മഅദ്നി പറഞ്ഞത്.

കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്ത ഉമ്മൻ ചാണ്ടി ഞാൻ ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് മുഖ്യമന്ത്രിയായിരിക്കെ, തന്നെ സന്ദർശിച്ചിരുന്നുവെന്നും ഓർമ്മിച്ചു. അതിന് ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ തനിക്ക് വേണ്ടി ഉണ്ടായിട്ടുണ്ടെന്നും മഅദ്നി കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും, കേരളീയ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വേദനയിൽ ആത്മാർത്ഥമായി പങ്കുചേരുന്നുവെന്നും മഅദ്നി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മഅദ്നിയുടെ കുറിപ്പ്

ഉമ്മൻ ചാണ്ടിക്ക് വിട!
കേരള രാഷ്ട്രീയത്തിലെ അതികായകനും, ഉന്നതനുമായ ശ്രീ. ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ അങ്ങേയറ്റം ദു:ഖവും വേദനയും രേഖപ്പെടുത്തുന്നു.
ഭരണ-പ്രതിപക്ഷ മേഖലയിൽ ഇത്രയധികം സ്വാധീനം ചെലുത്തിയ ഒരു ജനകീയനേതാവ് വേറെയുണ്ടാകില്ല.
എന്റെ നീതി നിഷേധത്തിന്റെ ഈ കാലഘട്ടത്തിൽ വളരെ ശക്തമായ ഇടപെടലുകൾ ശ്രീ. ഉമ്മൻ ചാണ്ടി നടത്തിയിട്ടുണ്ട്.
കോയമ്പത്തൂർ ജയിലിൽ ആയിരിക്കുമ്പോൾ എന്നെ സന്ദർശിക്കുകയും നീതിക്ക് വേണ്ടിയുള്ള ഇടപെടലുകൾ നടത്തുകയും ചെയ്ത ശ്രീ. ഉമ്മൻ ചാണ്ടി ഞാൻ ബാംഗ്ലൂർ ജയിൽവാസ ശേഷം ജാമ്യം കിട്ടി സൗഖ്യാ ഹോസ്പിറ്റലിൽ കഴിയുമ്പോൾ അന്ന് മുഖ്യമന്ത്രിയായിരിക്കെ, എന്നെ സന്ദർശിച്ചിരുന്നു.
ശേഷവും അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്റെ കാര്യത്തിൽ ഉണ്ടായിട്ടുണ്ട്.
ശ്രീ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും,കേരളീയ സമൂഹത്തിനും ഒന്നടങ്കം അദ്ദേഹത്തിന്റെ വേർപാട് സൃഷ്ടിച്ച വേദനയിൽ ആത്മാർത്ഥമായി പങ്കുചേരുന്നു.

Advertisement