കുളിച്ചാൽ തലയിൽ നിന്നും ചോരയൊലിക്കും വെള്ളം പോലും കുടിക്കാന്‍ പറ്റില്ല; അപൂർവ രോഗാനുഭവം വെളിപ്പെടുത്തി യുവതി !

കുളിക്കാൻ മടിയുള്ളപ്പോൾ വെള്ളം അലർജിയാണെന്ന് പലപ്പോഴും നമ്മള്‍ തമാശയ്ക്ക് പറയാറുണ്ട്. പ്രത്യേകിച്ചും തണുപ്പ് കാലത്ത്. എന്നാൽ, യഥാർത്ഥത്തിൽ അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു യുവതി തന്‍റെ അത്യപൂർവ്വ രോഗാനുഭവം വെളിപ്പെടുത്തുകയാണ്.

ടെസ്സ ഹന്‍സീന്‍ സ്മിത്ത് എന്ന 25 കാരിയ്ക്കാണ് ഈ അപൂര്‍വ രോഗം ബാധിച്ചിരിക്കുന്നത്. അക്വാജനിക് അര്‍ട്ടികാരിയ (Aquagenic Urticaria) എന്നാണ് ഈ രോഗത്തിന്‍റെ പേര്. ടെസ്സയ്ക്ക് എട്ട് വയസ്സുള്ളപ്പോഴാണ് ഈ രോഗം ബാധിച്ചത്. കുട്ടിക്കാലത്ത് വെള്ളത്തില്‍ കളിക്കുന്നത് ടെസ്സയുടെ ശീലമായിരുന്നു. എന്നാല്‍ പതിയെ പതിയെ വെള്ളം ശരീരത്തില്‍ തൊടുമ്പോള്‍ തന്നെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ടെസ്സയെ ബാധിക്കാന്‍ തുടങ്ങി. ഇതായിരുന്നു തുടക്കം. വെള്ളത്തോടുള്ള അലര്‍ജിയാണ് ഈ രോഗത്തിന്‍റെ പ്രധാന ലക്ഷണം.

വെള്ളം ശരീരത്തില്‍ തൊട്ടാല്‍ ഉടന്‍ ചൊറി, ചുമന്ന നിറത്തിലുള്ള തിണര്‍പ്പുകള്‍, എന്നിവ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. പല ദിവസങ്ങളിലും കുളികഴിഞ്ഞ് വരുമ്പോൾ തന്‍റെ ശരീരത്തിൽ മുറിവുകളും തിണർപ്പുകളും ഉണ്ടാകുമായിരുന്നുവെന്നാണ് ടെസ്സ പറയുന്നത്. തലയോട്ടിൽ നിന്ന് ചോര ഒലിക്കുന്ന അനുഭവം വരെ ഉണ്ടായിട്ടുണ്ടെന്നും യുവതി പറയുന്നു. ആദ്യം ഇവർ കരുതിയിരുന്നത് ഉപയോഗിക്കുന്ന സോപ്പിന്‍റെയോ ഷാമ്പുവിന്‍റെയോ കുഴപ്പമായിരിക്കുമെന്നാണ്. ഒടുവിൽ വെള്ളം കുടിക്കുമ്പോൾ പോലും ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങി. വായിലും തൊണ്ടയിലും മുറിവുകൾ ഉണ്ടായി. അങ്ങനെ വെള്ളം കുടിക്കുന്നത് നിർത്തി പകരം പാല്‍ കുടിക്കാന്‍ തുടങ്ങി. പിന്നീട് തുടർച്ചയായി നടത്തിയ നിരവധി പരിശോധനകൾക്ക് ശേഷമാണ് ടെസ്സയുടെ അസുഖം എന്താണെന്ന് കണ്ടെത്തിയത്.

ടെസ്സയുടെ അമ്മയായ ഡോ. കാരന്‍ ഹന്‍സന്‍ സ്മിത്താണ് ഈ രോഗം കണ്ടെത്തിയത്. പലര്‍ക്കും തന്‍റെ രോഗാവസ്ഥ വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ലെന്ന് 25 കാരിയായ ടെസ്സ പറയുന്നു. ഇതിന്‍റെ പേരില്‍ കോളേജില്‍ പഠിക്കുന്ന സമയത്തുണ്ടായ ദുരനുഭവവും അവള്‍ വെളിപ്പെടുത്തി. തന്‍റെ രോഗം യാഥാര്‍ത്ഥ്യമാണോയെന്ന് പരിശോധിക്കാനായി കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്‍റെ ശരീരത്തിലേക്ക് വെള്ളം ഒഴിച്ചിട്ടുണ്ടെന്നും ഐസ് ക്യൂബുകള്‍ വാരിയെറിഞ്ഞിട്ടുണ്ടെന്നുമാണ് ടെസ്സ പറയുന്നത്. വീടിനുള്ളില്‍ ഇരുന്ന് കരകൗശലപണികള്‍ ചെയ്യുക, പുസ്തകം വായിക്കുക എന്നിവയാണ് ടെസ്സയുടെ ഇപ്പോഴത്തെ പ്രധാന ജോലി.

Advertisement