സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ അടിച്ച് മാറ്റി പൊലീസുകാർ, തലയ്ക്ക് മുകളിലെ സാക്ഷി മൊഴിമാറ്റിയില്ല, അറസ്റ്റ്

അഹമ്മദാബാദ്: പൊലീസ് സ്റ്റേഷനില്‍ നിന്ന് മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ച പൊലീസ് സംഘം പിടിയിൽ. ഗുജറത്തിലെ മഹാസാഗർ ജില്ലയിലാണ് സംഭവം. തൊണ്ടി മുതലായി പിടിച്ചെടുത്ത 125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുമാണ് എഎസ്ഐ അടക്കമുള്ള അഞ്ച് ഉദ്യോഗസ്ഥര്‍ ചേർന്ന് സ്റ്റേഷനില്‍ നിന്ന് അടിച്ച് മാറ്റിയത്. ഖാൻപൂർ താലൂക്കിലെ ബാകോർ പൊലീസ് സ്റ്റേഷനിലാണ് വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയുണ്ടായത്.

വനിതകള്‍ക്കായുള്ള ലോക്കപ്പിലായിരുന്നു തൊണ്ടിമുതലായ മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും സൂക്ഷിച്ചിരുന്നത്. രണ്ട് ലക്ഷം രൂപയോളം വില വരുന്ന തൊണ്ടിമുതലാണ് പൊലീസുകാർ അടിച്ച് മാറ്റിയത്. ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യത്തിന്റെ 428 ബോട്ടിലുകളും കള്ളകടത്തുകാരനിൽ നിന്ന് പിടിച്ച 75 ടേബിള്‍ ഫാനുകളുമായിരുന്നു ഈ മുറിയിൽ സൂക്ഷിച്ചിരുന്നത്. മദ്യ കള്ളക്കടത്തിനായാണ് ഈ ടേബിള്‍ ഫാന്‍ ഉപയോഗിച്ചിരുന്നതെന്നാണ് ഡിഎസ്പി പി എസ് വാള്‍വി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിയിൽ സാധനങ്ങള്‍ നറഞ്ഞത് മൂലമാണ് ഇവ വനിതാ ലോക്കപ്പിൽ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനത്തിന് മുന്നോടിയായി സ്റ്റേഷനിലെ സാധനങ്ങളുടെ കണക്കുകള്‍ എടുക്കയും സാധനങ്ങള്‍ അടുക്കി വയ്ക്കുകയും ചെയ്തപ്പോഴാണ് തൊണ്ടി മുതലില്‍ കുറവ് ശ്രദ്ധിക്കുന്നത്. ലോക്കപ്പ് മുറിയിൽ പൊട്ടിച്ച നിലയിൽ ഫാനിന്റെ ബോക്സുകള്‍ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിശദമായ പരിശോധന നടത്തിയത്. ഒന്നരലക്ഷത്തോളം വിലവരുന്ന മദ്യകുപ്പികളും അമ്പതിനായിരം രൂപയിലധികം വരുന്ന ഫാനുകളുമാണ് മോഷണം പോയത്. നവംബർ 13നാണ് സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അരവിന്ദ് ഖാന്ത് എന്ന എഎസ്ഐയുടെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്നാണ് എഫ്ഐആർ വിശദമാക്കുന്നത്.

ഒക്ടോബർ 25നാണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിലെ സിസിടിവി തന്നെയാണ് കപ്പലിലെ കള്ളന്മാരെ കുടുക്കിയത്. എഎസ്ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ ലളിത് പാർമർ, എന്നിവർ രാത്രി ഡ്യൂട്ടിക്കിടെ ലോക്കപ്പിൽ കയറി മോഷണം നടത്തുകയായിരുന്നു. പരിസരത്തുള്ള സിസിടിവി ഹെഡ് കോണ്‍സ്റ്റബിള്‍ അല്‍പ നേരത്തേക്ക് ഓഫാക്കിയും വച്ചിരുന്നു. ഇവരെ മോഷണത്തില്‍ സഹായിച്ച പ്രദേശവാസികള്‍ ഒളിവിലാണ് ഇവർക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

Advertisement