പഴ്സണൽ സ്റ്റാഫ് കോഴ വാങ്ങി എന്ന ആരോപണത്തിൽ മന്ത്രി വീണ ജോർജിനെ സംരക്ഷിച്ച് സിപിഎം

തിരുവനന്തപുരം. പഴ്സണൽ സ്റ്റാഫ് കോഴ വാങ്ങി എന്ന ആരോപണത്തിൽ മന്ത്രി വീണ ജോർജിനെ സംരക്ഷിച്ച് സിപിഎം. മാധ്യമങ്ങൾ വാർത്തകൾ ആവശ്യത്തിനനുസരണം രൂപപ്പെടുത്തുന്നുവെന്നും ആരെയും സംരക്ഷിക്കില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.അതേസമയം ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിലെ അഭിഭാഷകന്റെ കയ്യിൽ നിന്നും അഖിൽസജീവും പ്രാദേശിക സിപിഎം നേതാവ് ജയകുമാറും അടക്കം പണം വാങ്ങിയിരുന്നു എന്ന് പരാതി ഉയർന്നു.സിപിഎം സംസ്ഥാന നേതൃത്വത്തിൽ പരാതി നൽകിയ ശേഷമാണ് തനിക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചതെന്ന് അഭിഭാഷകൻ ഐ പി ശ്രീകാന്ത് പറഞ്ഞു

പേഴ്സണൽ സ്റ്റാഫ് ജോലിക്കായി കോഴ വാങ്ങി എന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് മന്ത്രി വീണാ ജോർജിന് പൂർണപിന്തുണ സിപിഎം പ്രഖ്യാപിച്ചത്. മാധ്യമങ്ങൾ ആവശ്യാനുസരണം വാർത്തകൾ രൂപപ്പെടുത്തുന്നു എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.

അതേസമയം വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫുമായി ബന്ധമുണ്ട് എന്ന് പറയുന്ന അഖിൽ സജീവൻ മുൻപും സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിരുന്നു എന്ന വിവരവും പുറത്തുവന്നു.വീണ ജോർജ് മന്ത്രിയാകുന്നതിനു മുൻപ് തന്നെ കൊച്ചിയിലെ അഭിഭാഷകൻ ശ്രീകാന്തിന്റെ കയ്യിൽ നിന്ന് ഭാര്യക്ക് ജോലി വാഗ്ദാനം നൽകി 5 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തിരുന്നു.തട്ടിപ്പ് മനസ്സിലായതോടെ സിപിഎം സംസ്ഥാന നേതൃത്വത്തിന് ശ്രീകാന്ത് പരാതി നൽകിയതോടെയാണ് തൻറെ പണം വർഷങ്ങൾക്കുശേഷം അഖിൽ സജീവ് തിരികെ നൽകിയതെന്ന് അഭിഭാഷകൻ പറഞ്ഞു

ജോലി വാഗ്ദാനം ചെയ്ത സമയത്ത് തെളിവ് ചോദിച്ചപ്പോൾ അഖിൽ സജീവന്റെ പങ്കാളിയായ സിപിഎം പ്രാദേശിക നേതാവ് ജയകുമാർ സെക്രട്ടറിയേറ്റിൽ നിന്ന് വീഡിയോ കോൾ ചെയ്ത് ഫയലുകൾ ഉൾപ്പെടെ കാണിച്ചതായുംഅഭിഭാഷകനായ ശ്രീകാന്ത് ആരോപിച്ചു.എന്നാൽ താൻ സെക്രട്ടറിയേറ്റിൽ പോയിട്ടില്ല എന്നും അഖിൽ സതീശൻ വാങ്ങിയ പണം തിരികെ നൽകാനാണ് ഇടപെട്ടതെന്നും ജയകുമാറും പറഞ്ഞു

ഒരു രൂപ പോലും തനിക്ക് ലഭിച്ചിട്ടില്ല എന്നും ജയകുമാർ വ്യക്തമാക്കി.നോർക്കയിലെ ഉദ്യോഗസ്ഥർക്ക് നൽകാനാണ് അഭിഭാഷകന്റെ കയ്യിൽ നിന്ന് പണം വാങ്ങിയതെന്നും പ്രതികൾ അഭിഭാഷകനോട് പറഞ്ഞിരുന്നു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അഭിഭാഷകന്റെ ഭാര്യക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നത്.കേസിൽ അഖിൽ സജീവന് പുറമേ നോർക്കയിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്ന വിവരം കൂടി അന്വേഷിക്കണം എന്ന് ആവശ്യമാണ് ഉയരുന്നത്.നിയമന വിവാദം ഉയർന്നതിന് പിന്നാലെ പണം വാങ്ങി ജോലി നൽകാമെന്ന് പറഞ്ഞിരുന്നവരുടെ നിയമനങ്ങൾ കൂടി റദ്ദായതായും അഖില്‍ സജീവനും കൂട്ടരും അഭിഭാഷകനായ ശ്രീകാന്തിനെ അറിയിച്ചിരുന്നു.ഇതും നോർക്കയിലെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിന് പിന്നിൽ പങ്കുണ്ട് എന്ന സൂചനയാണ് നൽകുന്നത്.

Advertisement