ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്, വിഷയം നിയമസഭയിൽ ഉന്നയിക്കും: വി ഡി സതീശൻ

തിരുവനന്തപുരം: ​ഗ്രോ വാസു വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സർക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആർക്കും തളർത്താനാവില്ല. ഗ്രോ വാസുവിനെതിരെ എടുത്തിരിക്കുന്നത് കള്ളക്കേസാണ്. നിയമസഭ തല്ലി തകർത്തവർക്കെതിരായ കേസ് പിൻവലിക്കാൻ തയ്യാറായവർ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിൻവലിക്കുന്നില്ലെന്നും വിഡി സതീശൻ ചോദിച്ചു. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സർക്കാരിന്റെ ശത്രുക്കൾ. എന്ത് വിപ്ലവ പാർട്ടിയാണ് സിപിഎം? നമ്മളാണ് അദ്ദേഹത്തിന് മുന്നിൽ തല കുനിക്കേണ്ടതെന്നും സതീശൻ പറഞ്ഞു.

ഗ്രോ വാസുവിനെതിരായ കേസ് പിൻവലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തിൽ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ടു.

94 കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകൻ മുദ്രാവാക്യം വിളിക്കുന്നത് തടയാൻ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് പൊലീസ്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണതെന്നും വി ഡി സതീശൻ കത്തില്‍ പറയുന്നു. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരിൽ മനുഷ്യരെ തോക്കിൻ മുനയിൽ നിർത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

Advertisement