വാഹനം കൊണ്ട് പോകാൻ എളുപ്പ വഴി വേണം; നൂറ്റാണ്ട് പഴക്കമുള്ള ചൈനയുടെ വൻ മതിൽ തകർത്ത് തൊഴിലാളികൾ !

ബീജിം​ഗ്: കാലാതീതമായ മനുഷ്യ നിർമ്മിതികളെയാണ് നമ്മൾ മഹാത്ഭുതങ്ങളെന്ന് പൊതുവെ വിശേഷിപ്പിക്കുന്നത്. ഈ ഗണത്തിൽപ്പെടുന്ന ഏറ്റവും വലിയ നിർമ്മിതിയാണ് ചൈനയെ ചുറ്റിവരഞ്ഞ നിലയിൽ കിടക്കുന്ന ചൈനീസ് വൻമതിൽ.

വടക്കൻ ചൈനയുടെ വിശാലമായ ഭൂവിസ്തൃതിയിൽ ഒരു പെരുമ്പാമ്പിനെ പോലെ ഇന്നും മനുഷ്യനെ വിസ്മയിപ്പിച്ച് അത് കിടക്കുന്നു. ബിസി ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട വൻ മതിലുകൾ ഇന്നും ഏറെക്കുറെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. നിരവധി രാജവംശങ്ങളുടെ കാലത്ത്, നിരവധി നൂറ്റാണ്ടുകൾ എടുത്താണ് ഇന്ന് കാണുന്ന വൻമതിൽ നിർമ്മിക്കപ്പെട്ടത്. ബിസി 220-206 ചൈന ഭരിച്ച ആദ്യ ചക്രവർത്തിയായ ക്വിൻ ഷി ഹുവാംഗ് നിർമ്മിച്ച മതിലിൻറെ ചില ഭാഗങ്ങൾ പോലും ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇതിൻറെ പല ഭാഗങ്ങളും കാലക്രമേണ നശിപ്പിക്കപ്പെട്ടെങ്കിലും ഭൂരിഭാഗവും സംരക്ഷിക്കപ്പെട്ടുന്നു. നിരവധി സന്ദർശകർ എത്തുന്ന വൻമതിൽ ചൈനയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ഇതിനിടെയാണ് ലോകമെങ്ങുമുള്ള വൻ മതിൽ ആരാധകരെ ആശങ്കയിലാഴ്ത്തിയ ഒരു വാർത്ത പുറത്ത് വന്നത്.

ഓഗസ്റ്റ് 24 ന് ചൈനയുടെ വടക്കൻ പ്രവിശ്യയായ ഷാങ്‌സിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മിംഗ് കാലഘട്ടത്തിൽ പണി തീർത്ത ചരിത്ര- പുരാവസ്തു പ്രധാനമുള്ള മതിലിൻറെ ഒരു ഭാഗം തകർത്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തെന്നായിരുന്നു റിപ്പോർട്ട്. സംഭവത്തിൽ 38 വയസ്സുള്ള ഒരു പുരുഷനും 55 വയസ്സുള്ള സ്ത്രീയും അറസ്റ്റിലായി. തങ്ങളുടെ എക്‌സ്‌കവേറ്റർ കൊണ്ട് പോകുന്നതിനായി ഇരുവരും ചേർന്ന് വൻ മതിലിൻറെ ഒരു ഭാഗം ഇടിച്ച് നിരത്തി റോഡ് പണിയുകയായിരുന്നു. അത്രയും ഭാഗം ഇടിച്ച് റോഡുണ്ടാക്കിയാൽ തോഴിലിടത്തേക്ക് അവർക്ക് കുറച്ച് ദൂരം സഞ്ചരിച്ചാൽ മതിയെന്നതാണ് ഇതിന് അവരെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും ചേർന്ന് തകർത്തത്, മിംഗ് രാജവംശത്തിൽ (1368-1644) സ്ഥാപിതമായ 32-ാമത് വൻമതിലിൻറെ ഭാഗമാണെന്ന് ഷാങ്‌സി പോലീസ് അറിയിച്ചു. പുരാതന മതിലിൻറെ തകർന്ന ഭാഗങ്ങളുടെ ദൃശ്യങ്ങൾ ചൈനീസ് സ്റ്റേറ്റ് ടിവി പുറത്ത് വിട്ടു. തകർന്ന വൻ മതിലിന് നടുവിലൂടെ വലിയൊരു റോഡ് വെട്ടിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

1987 മുതൽ വൻമതിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പുരാതന ചരിത്രത്തെ ഏറെ വിലമതിക്കുന്നവരാണ് ചൈനീസ് ജനത. പ്രതിരോധത്തോടൊപ്പം വിവിധോദ്ദേശ്യത്തിന് വേണ്ടിയാണ് വൻമതിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സിൽക്ക് റോഡിലൂടെ കൊണ്ടുപോകുന്ന ചരക്കുകൾക്ക് നികുതി ചുമത്തുന്നത് എളുപ്പമാക്കുക. വ്യാപാരം നിയന്ത്രിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുക, കുടിയേറ്റം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്ക് വേണ്ടിയും വൻ മതിലുകൾ നിർമ്മിക്കപ്പെട്ടു. വാച്ച് ടവറുകൾ, ട്രൂപ്പ് ബാരക്കുകൾ, ഗാരിസൺ സ്റ്റേഷനുകൾ, പുകയിലോ തീയിലോ നൽകാൻ കഴിയുന്ന സിഗ്നൽ സംവിധാനങ്ങൾ. ഇതിനെല്ലാം പുറമേ പുരാതന കാലത്ത് സൈനികാവശ്യങ്ങളും വൻമതിൽ നിറവേറ്റിയിരുന്നു. ചരിത്രപരമായ ഈ പ്രത്യേകതകൾ കൊണ്ട് വൻമതിലിന് ചൈന വലിയ പ്രാധാന്യമാണ് ഇന്നും നൽകി വരുന്നത്. പുതിയ കാലത്ത് വിദേശ വിനോദ സന്ദർശകരിലൂടെ വിദേശ നാണ്യം നേടിത്തരുന്നതിലും ചൈനീസ് സമ്പദ് വ്യവസ്ഥയിൽ വൻമതിൽ വലിയ പങ്കുവഹിക്കുന്നു.

Advertisement