അധ്യാപിക മുഖത്തടിപ്പിച്ച വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം.ഉത്തർപ്രദേശിൽ സഹപാഠികളെ കൊണ്ട് അധ്യാപിക മുഖത്തടിപ്പിച്ച വിദ്യാർഥിയെ കേരളത്തിൽ പഠിപ്പിക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രക്ഷകർത്താക്കൾക്ക് സമ്മതമെങ്കിൽ കുട്ടിയെ കേരളം ദത്തെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം ശിവൻകുട്ടി കത്തയച്ചിരുന്നു.

യുപി മുസാഫർ നഗറിൽ സഹപാഠികളുടെ മർദനമേറ്റ വിദ്യാർഥിയുടെ തുടർപഠനം അനിശ്ചിതത്വത്തിലാണ്. ഇത് പരിഗണിച്ച് കുട്ടിയെ കേരളത്തിൽ പഠിപ്പിക്കാമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനം. ടിസിയോ മറ്റ് രേഖകളോ വേണ്ട. എല്ലാം കേരളം നൽകും.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഇന്നലെ യുപി മുഖ്യമന്ത്രിക്കയച്ച കത്തിൽ മറുപടി പ്രതീക്ഷിക്കുന്നു.
മണിപ്പൂർ കലാപ ബാധിത പ്രദേശത്ത് നിന്നുള്ള കുട്ടിയെ സർക്കാർ സ്കൂളിൽ പഠിപ്പിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
നേരത്തേ മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ തുടർപഠനം ഉറപ്പാക്കുമെന്ന് സർവകലാശാല സിൻഡിക്കേറ്റും തീരുമാനിച്ചിരുന്നു.

Advertisement