ബ്രേക്ക് കിട്ടിയില്ലെന്ന് ഡ്രൈവറുടെ മൊഴി; നാടിനെയാകെ കണ്ണീരിലാഴ്ത്തി 9 പേരുടെ ജീവനപഹരിച്ച ജീപ്പ് അപകടം

വയനാട്: വയനാട് ജില്ലയിലെ തലപ്പുഴ കണ്ണോത്തുമലിയിലെ ജീപ്പ് അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ മണിയുടെ വെളിപ്പെടുത്തൽ.

പൊലീസ് ഡ്രൈവറുടെ മൊഴി എടുത്തു. അപകടത്തിൽ 9 സ്ത്രീകൾ മരിച്ചു. ഡ്രൈവറടക്കം 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 3 പേരുടെ നില ​അതീവഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു. വളവ് തിരിയുന്നതിനിടെ 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്.

ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. മക്കിമല ആറാം നമ്പർ മേഖലയിൽ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. അപകടത്തിൽ പെട്ടത് ഡിടിടിസി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കണ്ണോത്തുമലക്ക് സമീപം അപകടമുണ്ടായത്. മരണപ്പെട്ടവരുടെ പൊതുദർശനം മക്കിമല എൽപി സ്കൂളിൽ നടന്നു.

വൈകുന്നേരം മൂന്നരയോടെ തേയിലത്തോട്ടത്തിലെ പണി കഴിഞ്ഞു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ 9 പേർ മരിച്ചതായി ഡിഎംഒ അറിയിച്ചു. മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹങ്ങൾ മാനന്തവാടി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ നടക്കും. ഗുരുതരമായി പരിക്കേറ്റവർക്ക് കൂടുതൽ ചികിത്സ ആവശ്യമെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

അതേസമയം, എങ്ങനെയാണ് അപകടം നടന്നത് എന്നതിനെ കുറിച്ച് വ്യക്തമല്ല. ജീപ്പ് അമിതവേഗതയിലായിരുന്നോ എന്നും അറിയില്ല. തലപ്പുഴ മേഖല തേയില തോട്ടങ്ങളുള്ള മേഖലയാണ്. ഒരുപാട് പേർ ഇവിടങ്ങളിൽ ജോലി ചെയ്ത് വരുന്നുണ്ട്. അത്തരത്തിലുള്ള തൊഴിലാളികളാണ് അപകടത്തിൽ പെട്ടിട്ടുള്ളത്. അതേസമയം, വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് തിരിച്ചത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ എല്ലാ നടപടികളും ഏകോപിപ്പിക്കാനും വേണ്ട മറ്റു നടപടികൾ സ്വീകരിക്കുന്നതിനുമായി മുഖ്യമന്ത്രി നിർദേശം നൽകിയതായി മന്ത്രി അറിയിച്ചു.

Advertisement