കോഴിക്കോട് വിമാനത്താവളം: റൺവേ 30ന് തുറന്നുകൊടുക്കും

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ റീകാർപറ്റിങ് ജോലികൾക്കായി ഭാഗികമായി അടച്ച, റൺവേ 30നു നിയന്ത്രണങ്ങൾ നീക്കി 24 മണിക്കൂർ വിമാന സർവീസുകൾക്കായി തുറന്നുകൊടുക്കും. റൺവേ റീകാർപറ്റിങ് ജോലികൾക്കായി ഇക്കഴിഞ്ഞ ജനുവരിയിലാണു ഭാഗികമായി അടച്ചത്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ വിമാന സർവീസുകൾക്ക് അനുമതിയുണ്ടായിരുന്നില്ല. റൺവേ ബലപ്പെടുത്തുന്ന റീകാർപറ്റിങ്ങും അനുബന്ധ ജോലികളും പൂർത്തിയായ സാഹചര്യത്തിലാണ് ഈ മാസം അവസാനത്തോടെ പൂർണമായി തുറക്കുന്നത്.

റീകാർപറ്റിങ് ജോലികൾ ജൂൺ ആദ്യത്തിൽ പൂർത്തിയായിരുന്നു. റൺവേയിൽ ആധുനിക പ്രകാശ സംവിധാനങ്ങൾ ഒരുക്കലും പൂർത്തിയായി. വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്ന ഗ്രേഡിങ് ജോലികൾ മാത്രമാണു ശേഷിച്ചിരുന്നത്. മണ്ണു ലഭിക്കാനുള്ള സാങ്കേതിക തടസ്സങ്ങളും മഴ തുടങ്ങിയതുമായിരുന്നു പ്രവൃത്തി നീണ്ടുപോകാൻ കാരണമായക്. മഴ നീങ്ങിയതോടെ മറ്റു ജോലികളെല്ലാം പൂർത്തിയായി. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Advertisement