കോട്ടയത്ത് അയൽക്കാർ ഏറ്റുമുട്ടി; കൊലക്കേസ് പ്രതി അയൽവാസിയുടെ മൂക്ക് കടിച്ച് മുറിച്ചു

കോട്ടയം: മുൻവൈരാഗ്യത്തെ തുടർന്ന് അയൽവാസികൾ പരസ്പരം ഏറ്റുമുട്ടി. ഏറ്റുമുട്ടലിനിടെ കൊലക്കേസ് പ്രതി അയൽവാസിയുടെ മൂക്ക് കടിച്ചുമുറിച്ചതായി പരാതി.

പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയങ്ങാട്ട് ഫിലിപ്പിനാണ് പരുക്കേറ്റത്. ഫിലിപ്പിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫിലിപ്പിനെ ആക്രമിച്ച ജോർജിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയാണ് ജോർജ്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഫിലിപ്പിനു നേരെ കത്തി വീശുകയും ഇത് തടയാൻ ഫിലിപ്പ് ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ജോർജ് ഫിലിപ്പിന്റെ മൂക്കിൽ കടിച്ചു പരുക്കേൽപ്പിച്ചു.

ഞായറാഴ്ച്ച രാവിലെ അരുവിക്കുഴി ലൂർദ് മാതാ പള്ളിപരിസരത്താണ് അക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് പള്ളിക്കത്തോട് പൊലീസ് അറിയിച്ചു.

Advertisement